20 October Sunday

നാഗ്‌പുരിലെ ഗതാഗത സുരക്ഷയ്ക്ക്‌ കെൽട്രോൺ; 197 കോടിയുടെ പദ്ധതി

മിൽജിത്‌ രവീന്ദ്രൻUpdated: Sunday Oct 20, 2024

തിരുവനന്തപുരം> കെൽട്രോൺ വികസിപ്പിച്ച ഇന്റലിജന്റ്‌ ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ്‌ സംവിധാനം സ്ഥാപിക്കാൻ മഹാരാഷ്ട്രയിലെ നാഗ്‌പുർ മുനിസിപ്പൽ കോർപ്പറേഷൻ. നാഗ്‌പുരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതലയാണ് കെൽട്രോൺ സ്വന്തമാക്കിയത്. എൽ ആൻഡ്‌ ടിയോട്‌ മത്സരിച്ചാണ് കെൽട്രോൺ ടെൻഡർ നേടിയത്.

197 കോടി രൂപയുടെ പദ്ധതിയാണിത്. കേരളത്തിൽ മോട്ടോർ വാഹന വകുപ്പിനുവേണ്ടി കെൽട്രോൺ സ്ഥാപിച്ച എഐ അധിഷ്‌ഠിത ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്‌ സംവിധാനങ്ങളുടെ പ്രവർത്തന മികവാണ് ഈ പദ്ധതി നേടാൻ കെൽട്രോണിന് കരുത്തായത്. നാഗ്‌പുർ നഗരത്തിൽ 11 ട്രാഫിക്‌ കേന്ദ്രങ്ങളടക്കം 171 ജങ്‌ഷനുകളിൽ ഇന്റലിജന്റ്‌ ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ്‌ സംവിധാനം 15 മാസത്തിനുള്ളിൽ കെൽട്രോൺ സ്ഥാപിക്കും.  ദൈനംദിനപ്രവർത്തനവും അറ്റകുറ്റപ്പണിയടക്കമുള്ളവ അഞ്ചുവർഷത്തേക്ക് കെൽട്രോൺ നിർവഹിക്കും.

അമിതവേഗം, ഹെൽമറ്റ്/സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര, പാർക്കിങ്‌ ലംഘനം, സിഗ്നൽ ലംഘനം, തെറ്റായ ഡ്രൈവിങ്‌  തുടങ്ങിയവ  കണ്ടെത്തി പിഴച്ചെല്ലാനുകൾ തയ്യാറാക്കാൻ സംവിധാനമൊരുക്കും. സെൻസർ ബേസ്ഡ് ട്രാഫിക് സിഗ്നൽ സംവിധാനങ്ങളാണ് പദ്ധതിയുടെ പ്രത്യേകത. സെൻസർ അധിഷ്‌ഠിതമായി 165 ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത് അടിയന്തര ഗതാഗത സാഹചര്യങ്ങളിൽ പ്രയോജനപ്രദമാകും. വാഹനത്തിരക്ക് അനുസരിച്ച് ഗതാഗതം ക്രമീകരിക്കാൻ സെൻസർ സംവിധാനങ്ങൾ സഹായിക്കും.

സേഫ് കേരള പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് കേരളത്തിൽ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞത് പഠിക്കാൻ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘം കേരളം സന്ദർശിച്ചിരുന്നു. തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ ട്രാഫിക് സിഗ്നൽ ഡിവിഷനാണ് പദ്ധതി നടപ്പാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top