കാസർകോട്> ചീറിപ്പായുന്ന വന്ദേ ഭാരത് ട്രെയിൻ വന്നാൽ എല്ലാമായി എന്ന് പ്രചരിപ്പിച്ചവർ അറിയണം നിത്യയാത്രക്കാരുടെ ട്രെയിൻ ദുരിതയാത്ര. വാഗൺ ട്രാജഡിക്ക് സമാനമായ അനുഭവമാണ് ജനറൽ കോച്ചുകളിൽ. തിരക്കിൽ ശ്വാസംമുട്ടി യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്.
വന്ദേ ഭാരതിനായി പതുവു ട്രെയിനുകൾ പലയിടത്തും പിടിച്ചിടുന്നതും ദുരിതം കൂട്ടുന്നു. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതോടെ കോഴിക്കോട്–- മംഗളൂരു യാത്രയാണ് ദുരിത യാത്രയായത്. കയറാൻ പറ്റുന്നതിന്റെ അഞ്ചിരട്ടിയിലധികം യാത്രക്കാരാണ് രാവിലത്തെയും വൈകിട്ടത്തെയും ട്രെയിനിൽ ഉള്ളത്.
സമയക്രമീകരണം പാളി
പരശുറാം അടക്കമുള്ള ജനപ്രിയ ട്രെയിനുകളിൽ യുദ്ധസമാനമാണ് അവസ്ഥ. ശ്വാസംമുട്ടി ആൾക്കാർ കുഴഞ്ഞുവീഴുന്നത് പതിവ് വാർത്തയാകുന്നു. ഗുസ്‌തി പിടിച്ചും ആൾക്കാരെ ചവുട്ടിയൊതുക്കിയും മാത്രമെ കംപാർട്ടുമെന്റിൽ കയറാനാകൂ. ട്രെയിൻ സമയം അൽപം മുന്നോട്ടോ പിറകോട്ടേ മാറ്റിയാൽ ഈ വാഗൺ ട്രാജഡി അവസ്ഥ മാറ്റാമെന്നാണ് യാത്രക്കാർ പറയുന്നത്. നാഗർകോവിലിൽ നിന്നും വരുന്ന പരശുറാം എക്‌സ്‌പ്രസ് വൈകിട്ട് നാലിന് കോഴിക്കോട്ടെത്തി അഞ്ചിനാണ് മംഗളൂരുവിലേക്ക് പുറപ്പെടുന്നത്. ഈ പിടിച്ചിടൽ ഒഴിവാക്കിയാൽ തലസ്ഥാനത്തുനിന്നും വരുന്ന രോഗികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും. നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന സമയം മാത്രം ക്രമീകരിച്ചാൽ മതി.
കൂടുതൽ ജനറൽ കോച്ചുള്ള ഒരു ട്രെയിനെങ്കിലും തിരക്കുള്ള സമയത്ത് ഓടിക്കണമെന്ന ആവശ്യവും ശക്തമാണ്. വൈകിട്ട് മലബാറിൽ എത്തുന്ന രീതിയിൽ ഷൊർണൂർ–- മംഗളൂരു മെമു വന്നാൽ ആശ്വാസമാകും. വൈകിട്ട് അഞ്ചരക്ക് ശേഷം കോഴിക്കോട് വിട്ടാൽ ഗുണം ചെയ്യും. ഇതേ ട്രെയിൻ രാവിലെ കാസർകോട് എത്തുന്നരീതിയിൽ തിരിച്ചോടിച്ചാൽ പരശുറാമിനും കോയമ്പത്തൂരിനും തിരക്കും കുറയും.
കോച്ചും കൂട്ടണം
ജനറൽ കോച്ചുകൾ കൂട്ടിയാലേ തിരക്ക് ഒരുപരിധി വരെ കുറക്കാനാകൂ. അഞ്ചുവർഷം മുമ്പ് പരശുറാമിലെ കൊച്ചുകൾ കുറച്ചതിനെതിരെ കോടതിയിൽ പരാതി വന്നിരുന്നു. അന്ന് 22 കോച്ചുകൾ വച്ച് പരാതി പരിഹരിച്ചു. പിന്നീടിത് 21 ആക്കി. നാഗർകോവിലിൽ പ്ലാറ്റ്‌ഫോം സൗകര്യമില്ലാ എന്നു പറഞ്ഞാണിത്. നിലവിൽ ബ്രേക്കുവാൻ ഉൾപ്പെടെ 21 കോച്ചണുള്ളത്. ഇത് 22 ആക്കാൻ ഒരു പ്രയാസവുമില്ല; പക്ഷെ റെയിൽവേ വിചാരിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..