കണ്ണൂർ > ട്രെയിനിൽ സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന റെയിൽവേയുടെ ‘മേരീ സഹേലി’ കടലാസിൽ. ഒറ്റയ്ക്കുയാത്ര ചെയ്യുന്ന സ്ത്രീയാത്രക്കാർക്ക് സഹായം നൽകാനും യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ആർപിഎഫിന്റെ നേതൃത്വത്തിൽ 2020 ലാണ് ‘മേരീ സഹേലി’ പദ്ധതി ആരംഭിച്ചത്. പാലക്കാട് ഡിവിഷൻവഴി കടന്നുപോകുന്ന 23 ട്രെയിനുകളിലാണ് പദ്ധതി ആരംഭിച്ചത്. പാലക്കാട് ജങ്‌ഷൻ, ഷൊർണൂർ ജങ്‌ഷൻ, കണ്ണൂർ, മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്‌ഷൻ സ്റ്റേഷനുകളെ ഉൾപ്പെടുത്തി. മേരി സഹേലി പദ്ധതി നടപ്പാക്കാനായി 59 വനിതാ ജീവനക്കാരെയും നിയോഗിച്ചു. ഒറ്റയ്‌ക്ക് യാത്രചെയ്യുന്ന സ്‌ത്രീ യാത്രക്കാരുടെ പേര്, മൊബൈൽ നമ്പർ, യാത്രാ വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ച് യാത്രയ്ക്കിടെ ഇവർക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ട്രെയിനുകളിൽ അക്രമങ്ങൾ ഏറുമ്പോഴും ആർപിഎഫിനെ കാണാൻ പോലുമില്ലെന്നാണ് പരാതി. 139 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ കിട്ടാറില്ലെന്ന് യാത്രക്കാർ പറയുന്നു.
കഴിഞ്ഞദിവസം വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിൽ യാത്രചെയ്യുന്ന യുവതി നീലേശ്വരത്തുവച്ച് അക്രമത്തിന് ഇരയായിരുന്നു. ബഹളംവച്ചതിനെതുടർന്ന് മറ്റൊരു കംപാർട്‌മെന്റിലേക്ക് കയറിയയാളെ കാസർകോട് സ്‌റ്റേഷനിൽ ഇറങ്ങുമ്പോഴാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഈ മാസം അഞ്ചിനാണ് മാവേലി എക്‌സ്‌പ്രസിലെ ജനറൽ കോച്ചിൽ പെൺകുട്ടി ശാരീരികമായും മാനസികമായും ഉപദ്രവിക്കപ്പെട്ടത്. എടക്കാട് സ്‌റ്റേഷനിലെത്തിയപ്പോൾ ചങ്ങലവലിച്ച് ട്രെയിനിൽനിന്നും രക്ഷപ്പെട്ടയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചാണ് റെയിൽവേ പൊലീസ് പിടികൂടിയത്. പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
മെമു ട്രെയിനിൽ ലേഡീസ് കംപാർട്‌മെന്റിൽ സ്ഥിരമായി പുരുഷന്മാർ കയറുന്നതായി പരാതി ഉയർന്നിട്ടും ഫലമുണ്ടായിട്ടില്ല. ലേഡീസ് കംപാർട്‌മെന്റുകളിൽ കയറി നഗ്നത പ്രദർശനം നടത്തുന്നുവെന്ന പരാതിയുമുണ്ട്. പരാതിയേറുമ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും ദക്ഷിണറയിൽവേയുടെ പരിധിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയും എങ്ങുമെത്തിയില്ല. സ്റ്റേഷനുകളിൽ സ്ഥാപിച്ച ക്യാമറകളിൽ മിക്കതും പ്രവർത്തനരഹിതവുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..