പാലക്കാട്
ക്രിസ്‌മസ് –- പുതുവത്സര യാത്രയ്‌ക്കായി ഇനിയാരും ട്രെയിൻ ടിക്കറ്റ് നോക്കണ്ട, ഒറ്റ ട്രെയിനിലും ടിക്കറ്റില്ല. ഒന്നുകിൽ ക്ഷമിക്കണം എന്ന അറിയിപ്പ്, അല്ലെങ്കിൽ ലഭ്യമല്ല, പിന്നെയുള്ളത് നൂറും പിന്നിട്ട വെയിറ്റിങ് ലിസ്‌റ്റ്. ചെന്നൈ, ബംഗളൂരു തുടങ്ങി അയൽ സംസ്ഥാനങ്ങളിൽനിന്ന് അവധിക്കെത്താൻ കാത്തിരിക്കുന്നവർക്ക് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതെ ഇരുട്ടടി കൊടുക്കുകയാണ് ദക്ഷിണ റെയിൽവേ.
ചെന്നൈയിൽനിന്ന് പാലക്കാട് വഴിയുള്ള തിരുവനന്തപുരം എസി സൂപ്പർ ഫാസ്‌റ്റ് എക്‌സ്‌പ്രസ്, തിരുവനന്തപുരം മെയിൽ, ആലപ്പി സൂപ്പർ ഫാസ്‌റ്റ്, വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ്, ചെന്നൈ വഴി ഓടുന്ന രപ്‌തി സാഗർ എക്‌സ്‌പ്രസ്, ടാറ്റ–-എറണാകുളം എക്‌സ്‌പ്രസ്, ധൻബാദ് –-ആലപ്പി തുടങ്ങിയവയിലൊന്നും ജനുവരി ആദ്യ ആഴ്‌ചവരേയും ടിക്കറ്റ് കിട്ടാനില്ല. ട്രെയിനുകളുടെ എണ്ണം ചെന്നൈയിലേക്കുള്ളതിനേക്കാൾ കുറവായതിനാൽ ബംഗളൂരുവിൽ നിന്നുള്ള യാത്രക്കാരുടെ സ്ഥിതി ഇതിലും കഷ്ടമാണ്. കൊച്ചുവേളി ഹംസഫർ, എറണാകുളം എക്‌സ്‌പ്രസ്, ഐലന്റ് എക്‌സ്‌പ്രസ്, യശ്‌വന്ത്‌പുർ –- കണ്ണൂർ തുടങ്ങി ട്രെയിനുകളെല്ലാം ഫുള്ളായി. ഷൊർണൂർ വഴിയുള്ള ട്രെയിനുകളുടെ സ്ഥിതിയും ഇതുതന്നെ.
മാത്രമല്ല, ജോലിക്കും മറ്റുമായി ഇതര ജില്ലകളിൽ താമസിക്കുന്നവർക്ക് 20ന് സ്‌കൂളടച്ച് കുടുംബത്തിനൊപ്പം നാട്ടിലെത്തണമെങ്കിലും ദുരിതമാണ്. മാവേലി, മലബാർ, ഏറനാട്, വേണാട്, പരശുറാം, പാലരുവി, നേത്രാവതി തുടങ്ങി പകലും രാത്രിയിലും ഓടുന്ന ട്രെയിനുകളിൽ സമാന സ്ഥിതിയാണ്. ശബരിമല സീസൺകൂടി ആയതിനാൽ ദിവസ ട്രെയിനുകളിൽപോലും വൻതിരക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..