19 September Thursday
നിയമം കാറ്റിൽ പറത്തി റെയിൽവേ

സംസ്‌കരണത്തിന്‌ സംവിധാനമില്ല; 
റെയിൽവേ കക്കൂസ്‌ മാലിന്യം കാനകളിലേക്ക്‌

കെ എ നിധിൻ നാഥ്‌Updated: Tuesday Sep 17, 2024


തൃശൂർ
റെയിൽവേ സ്‌റ്റേഷനുകളിൽ കക്കൂസ്‌ മാലിന്യമുൾപ്പെടെ  സംസ്‌കരണത്തിന്‌  ശാസ്‌ത്രീയ സംവിധാനമില്ല.  രോഗം പടർത്തി ദുരന്തം വിതക്കും വിധം   മാലിന്യം പൊതുകാനയിലേക്ക്‌ തള്ളുകയാണ്‌.   കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചട്ടങ്ങൾ പ്രകാരമാണ്‌ മാലിന്യ സംസ്‌കരണം നടത്തേണ്ടത്‌.  എന്നാൽ ഇതൊന്നും   പാലിക്കാതെയാണ്‌ കേരളമടക്കമുള്ള ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്‌റ്റേഷനുകളുടെ പ്രവർത്തനം.

റെയിൽവേ സ്‌റ്റേഷനുകളിൽ കക്കൂസ്‌ മാലിന്യമടക്കമുള്ളവ സംസ്‌കരിക്കാൻ  സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, വെള്ളം ശുദ്ധീകരിക്കാൻ  ഇഫ്ലുവെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഖരമാലിന്യം തരംതിരിക്കാൻ  മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി  എന്നിവ നിർബന്ധമാണ്‌. എന്നാൽ കേരളത്തിലെ ഒരു സ്റ്റേഷനിലും  സീവേജ്‌, ഇഫ്ലുവെന്റ്‌ പ്ലാന്റുകളില്ല.  ദക്ഷിണ റെയിൽവേയ്‌ക്ക്‌ കീഴിൽ തിരുച്ചിറപ്പള്ളിയിലെ ഗോൾഡൻ റോക്ക് വർക്ക് ഷോപ്പിൽ മാത്രമാണ് സീവേജ് പ്ലാന്റ് നിർമിച്ചിട്ടുള്ളത്‌.

ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന സ്‌റ്റേഷനുകളിലാണ്‌ കോച്ചുകളിലെ ബയോ ടോയ്‌ലൈറ്റുകളിൽ നിന്ന് മാലിന്യം നീക്കുന്നത്‌. പ്ലാന്റില്ലാത്തതിനാൽ മാലിന്യം
പിറ്റ്‌ ലൈനിലേക്ക്‌ തുറന്നുവിടുകയാണ്‌. ഇത്‌ ട്രാക്കിന്‌ കീഴിലുള്ള കാനകളിലൂടെ പൊതു സ്ഥലത്തേക്കും ഒഴുക്കിവിടുകയാണ്‌. കോച്ചുകൾ വൃത്തിയാക്കുമ്പോഴുള്ള അഴുക്ക് വെള്ളവും  സംസ്‌കരിക്കാതെ സമാനമായി ഒഴുക്കിവിടുകയാണ്‌. കേരളത്തിൽ തിരുവനന്തപുരം, കൊച്ചുവേളി, ആലപ്പുഴ, എറണാകളം  സ്റ്റേഷനുകളിലാണ്‌ കക്കൂസ്‌ മാലിന്യം നീക്കുന്നത്‌.  തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം–- കോഴിക്കോട്‌- ജനശതാബ്ദി പോലെ ചില വണ്ടികൾ വന്നയുടൻ തന്നെ  തിരിച്ചുപോകുന്ന ‘പ്ലാറ്റ്‌ഫോം ടേൺ റൗണ്ട്‌’ വണ്ടികളാണ്‌. ഇവയിലെ ബയോ ടോയ്‌ലൈറ്റിൽ നിന്നുള്ള മാലിന്യം പ്ലാറ്റ്ഫോമിൽ തന്നെ തുറന്നുവിടുകയാണ്‌.

നിയമം കാറ്റിൽ പറത്തിയുള്ള ഈ മാലിന്യം പുറംതള്ളൽ റെയിൽവേ ജീവനക്കാർക്കും വൻ ബുദ്ധിമുട്ടാണ്‌ സൃഷ്ടിക്കുന്നത്‌. കോച്ചുകളുടെ അടിവശം റിപ്പയർ ചെയ്യുന്നതടക്കമുള്ള ജോലികൾ പിറ്റ് ലൈനിൽ നിന്നാണ്‌ ചെയ്യുക. ഇവിടെ കക്കൂസ്‌ മാലിന്യം തള്ളുന്നതിനാൽ  ദുർഗന്ധം ശ്വസിച്ചും, അഴുക്ക് വെള്ളത്തിൽ നിന്നുമാണ്‌ ജോലി ചെയ്യുന്നത്. പിറ്റ്‌ ലൈനിന്‌ സമീപം തന്നെയാണ്‌ ജീവനക്കാരുടെ ഓഫീസും വിശ്രമമുറിയുമെല്ലാം.  കക്കൂസ്‌ മാലിന്യം പുറം തള്ളുന്നതുമൂലം രോഗം പടർത്തുന്നതിനും വഴിവയ്‌ക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top