22 November Friday

വരുന്നു, ട്രാൻസ്ജെൻഡർമാരുടെ കലാസംഘം ; ഡിസംബറോടെ അരങ്ങിൽ

എ എസ് ജിബിനUpdated: Monday Aug 26, 2024


തൃശൂർ
ട്രാൻസ്ജെൻഡർമാരുടെ കലാസംഘം രൂപീകരിക്കാനൊരുങ്ങി സാമൂഹിക നീതി വകുപ്പ്. കലാ അഭിരുചിയും സർ​ഗാത്മക–- പ്രായോ​ഗിക ശേഷിയുമുള്ള ട്രാൻസ് വ്യക്തികൾക്ക് ആവശ്യമായ പിന്തുണ നൽകി, സാമൂഹികവും സാമ്പത്തികവുമായ ജീവിത നിലവാരം ഉറപ്പാക്കാൻ ആവിഷ്കരിച്ച അനന്യം പദ്ധതിയുടെ ഭാ​ഗമായാണിത്.

ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 30 പേരായിരിക്കും കലാടീമിലുണ്ടാവുക. ഇവരെ പ്രൊഫഷണൽ ടീമാക്കാൻ ഒരുമാസം റസിഡൻഷ്യൽ രീതിയിൽ പരിശീലിപ്പിക്കും.  നൃത്തം, സം​ഗീതം, അഭിനയം, വ്യക്തിത്വ വികസനം തുടങ്ങിയവയിലാണ്‌ പരിശീലനം നൽകുന്നത്. പിന്നീട് പ്രത്യേക ആശയത്തിലൂന്നി ന‍ൃത്തവും സം​ഗീതവും അഭിനയവുമെല്ലാം ഉൾപ്പെടുന്ന കലാപരിപാടി ചിട്ടപ്പെടുത്തും. ഡിസംബറോടെ കലാസംഘം അരങ്ങിലെത്തും. രണ്ടുമണിക്കൂർ ദൈർഘ്യമുണ്ടാകും. കലാ ടീമിനെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനും വേദിയിലെത്തിക്കാനും സാമൂഹിക നീതി വകുപ്പ് സർക്കാർ, സർക്കാർ അം​ഗീകൃത ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെപ്‌തംബറോടെ തെരഞ്ഞെടുക്കും. സർക്കാർ നടത്തുന്ന ഫെസ്റ്റിവൽ, എക്സിബിഷൻ, ഫെയർ, വിവിധ കലാസംസ്കാരിക പരിപാടികൾ എന്നിവയിൽ കലാപരിപാടികൾ അവതരിപ്പിക്കാനാകും. സംസ്ഥാനത്തിന് പുറത്തും അവസരങ്ങളൊരുക്കും. കലാഭിരുചിയുള്ള നിരവധിപേർ ട്രാൻസ്ജെൻഡർ വ്യക്തികൾക്കിടയിലുണ്ടെങ്കിലും അവസരം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കപ്പെടുന്നതിനൊപ്പം അനന്യം പദ്ധതിയിലൂടെ മെച്ചപ്പെട്ട സാമൂഹിക–- സാമ്പത്തിക സാഹചര്യം ട്രാൻസ്ജെൻഡർമാർക്കൊരുക്കാനാകുമെന്ന് സംസ്ഥാന ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ് അം​ഗം  ശ്യാമ എസ് പ്രഭ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top