തിരുവനന്തപുരം
സംസ്ഥാനത്ത് വൈദ്യുതി പ്രസരണരംഗത്ത് വൻ കുതിപ്പാകുന്ന ‘ട്രാൻസ്ഗ്രിഡ് 2.0’ യാഥാർഥ്യത്തിലേക്ക്. പവർ ഹൈവേ പദ്ധതി 2026 ഓടെ പൂർണതോതിൽ സജ്ജമാകും. വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം, ദിവസേന 102 മെഗാവാട്ടിന്റെ പ്രസരണനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നതാണ് പദ്ധതി. വൈദ്യുതി സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകി വിഭാവനംചെയ്‌ത പദ്ധതി മൂന്നു ഘട്ടമായാണ് നടപ്പാക്കുന്നത്. 2718 കോടി ചെലവിൽ ആദ്യഘട്ടം പൂർത്തിയായി. രണ്ടാംഘട്ടത്തിൽ 747 കോടിയുടെ നിർമാണപ്രവൃത്തികൾ പിന്നിട്ടു.
പദ്ധതിയുടെ ഭാഗമായി 400 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷനും (കോട്ടയം), പതിനൊന്ന് 220 കെവി സബ്‌സ്‌റ്റേഷനും (മഞ്ചേരി, ചാലക്കുടി, കോതമംഗലം, ആലുവ, കലൂർ, കുന്നമംഗലം, ചിത്തിരപുരം, ഏറ്റുമാനൂർ, വിഴിഞ്ഞം, തലശേരി, കുന്നംകുളം) കമീഷൻ ചെയ്‌തു. സംസ്ഥാനത്തെ ആദ്യ 400 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷനാണ് കോട്ടയത്തേത്. 1943 കിലോമീറ്റർ ഹൈവോൾട്ടേജ് ലൈനുകളും നിർമിച്ചു. രണ്ടാംഘട്ടത്തിൽ 13 സബ്‌സ്‌റ്റേഷനുകളുടെയും 1930 കിലോ മീറ്റർ ഹൈവോൾട്ടേജ് ലൈനുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. അടൂർ, പത്തനംതിട്ട 220/110 കെവി ലൈൻ നിർമിച്ചു. വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായുള്ള വയനാട്, കാസർകോട് 400 കെവി ലൈനിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
അട്ടപ്പാടി, രാമക്കൽമേട് 220 കെവി ലൈനുകൾ, വെട്ടത്തൂർ– --അഗളി, കുയിലിമല-–- നിർമല സിറ്റി 110 കെവി ലൈനുകൾ, രാമയ്‌ക്കൽമേട്–--നെടുങ്കണ്ടം 110 കെവി ലൈൻ എന്നിവയുടെ ടെൻഡർ മൂല്യനിർണയം തുടങ്ങി. പയ്യമ്പള്ളി (വയനാട്) 400 കെവി, നിർമല സിറ്റി 220 കെവി സബ്‌സ്‌റ്റേഷനുകൾക്കുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. മികച്ച കരാറുകാരെ ഉൾപ്പെടുത്താൻ പല പ്രവൃത്തികൾ ഒന്നിച്ചുചേർത്ത് ഒരു കമ്പനിക്ക് പൂർണ ഉത്തരവാദിത്വം നൽകുന്ന "ടേൺകീ കോൺട്രാക്ട്' പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്.
ഭാവി സുരക്ഷിതം
പദ്ധതിയിലൂടെ സംസ്ഥാനത്ത് പൂർണമായ രീതിയിൽ 400 കെവിയുടെയും 220 കെവിയുടെയും പവർ ഹൈവേ നിലവിൽ വരുന്നതോടെ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നതും പുറമെനിന്ന് ലഭിക്കുന്നതുമായ വൈദ്യുതി പ്രസരണനഷ്ടം കുറച്ച് ഗുണമേന്മയോടെ സംസ്ഥാനത്താകെ എത്തിക്കാനാകും. പ്രതിദിനം 107.8 മെഗാവാട്ടിന്റെ പ്രസരണ നഷ്ടംകുറയ്‌ക്കുന്നതിലൂടെ വർഷം ശരാശരി 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി (250 കോടി രൂപയ്‌ക്ക് തുല്യം) ലഭിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..