23 November Saturday

ദേവസ്വം ക്ഷേത്രങ്ങളിൽ നടക്കുന്നത്‌ കണക്കെടുപ്പുമാത്രം; രണ്ട്‌ മാസമായി ക്ഷേത്രങ്ങളിൽ വരുമാനമില്ല

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

തിരുവനന്തപുരം > തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സ്വർണം, നിലവിളക്കുകൾ എന്നിവയുടെ കണക്കെടുപ്പാണ്‌ ഇപ്പോൾ നടക്കുന്നതെന്ന്‌ ബോർഡ് പ്രസിഡന്റ്‌ അഡ്വ. എൻ വാസു അറിയിച്ചു. ഭക്തർ നടക്കുവയ്ക്കുന്ന വിളക്കുകൾ ദേവസ്വങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഇവ സൂക്ഷിക്കാനുള്ള സൗകര്യം പലയിടത്തുമില്ല. വിളക്കുകളിൽ ഒരുഭാഗം ഉപയോഗശൂന്യമാകുകയാണ്‌. അവയും  പ‍ഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്ന്‌, ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതുസംബന്ധിച്ച്‌ പഠിക്കാൻ നിയോഗിച്ച സമിതി ശുപാർശ ചെയ്‌തിരുന്നു.

ബോർഡിന്റെ വിവിധ സ്ട്രോങ്‌ റൂമുക‍ളിൽ സൂക്ഷിച്ചതും ഉപയോഗിക്കാത്തതുമായ സ്വർണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി റിസർവ്‌ ബാങ്ക് പദ്ധതി പ്രകാരം, ബാങ്കിൽ ഏൽപ്പിച്ചാൽ പലിശ ലഭിക്കുമെന്നും  ശുപാർശയുണ്ട്. രണ്ടുമാസത്തിലധികമായി ശബരിമലയുൾപ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിൽ വരുമാനം പൂർണമായി നിലച്ചു. ഈ സാഹചര്യത്തിൽ  സമിതിശുപാർശ ബോർഡ് തത്വത്തിൽ അംഗീകരിച്ചു.  കണക്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്‌തു. ഈ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. കണക്കെടുപ്പ് പൂർത്തിയായശേഷം ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേലത്തിലേക്ക്‌  കടക്കൂവെന്നും  അഡ്വ. എൻ വാസു വാർത്താകുറിപ്പിൽ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top