22 December Sunday

വനരുചി നുണയാൻ മാനവീയത്തിൽ തിരക്ക്

സ്വാതി സുരേഷ്‌Updated: Monday Oct 7, 2024

തിരുവനന്തപുരം > റാഗിപ്പൊടിയും മറയൂർ ശർക്കരയും നെയ്യും കപ്പലണ്ടിയും ചേർന്ന മിശ്രിതത്തിലൂടെ ചേച്ചിമാർ ഒന്ന്‌ കൈയോടിച്ചപ്പോൾ, സ്വാദൂറുന്ന റാഗിലഡു തയ്യാർ. രുചിക്കൊപ്പം ഔഷധഗുണങ്ങളുമുള്ള വനരുചികൾ നഗരത്തിന്‌ പരിചയപ്പെടുത്തുകയാണ്‌ വനം വന്യജീവി വാരാഘോഷത്തിന്റെ ഭാ​ഗമായി അരംഭിച്ച വനംവകുപ്പിന്റെ "കാനനകാന്തി' പ്രദർശന വിപണന മേള.

ചിന്നാർ വന്യജിവി സങ്കേതത്തിലെ ആലംപെട്ടി, കരിമുട്ടി മേഖലയിലെ മലപുലയ ഗോത്രവിഭാഗമാണ്‌ കൃഷിചെയ്ത റാഗി അവരുടെ കൈകളിലൂടെ രൂചിയേറുന്ന വിഭവങ്ങളാക്കുന്നത്‌. അഞ്ച്‌ ദിവസംകൊണ്ട്‌ 25 കിലോ റാഗിപ്പൊടിയുടെ ലഡുവാണ്‌ വിറ്റത്‌. ഒന്നിന്‌ 20രൂപയാണ്‌. ചെറുധാന്യങ്ങൾ കൊണ്ടുള്ള വരക്‌ കഞ്ഞിയും വരക്‌ പായസവും ശ്രദ്ധേയമാണ്‌. വേളാങ്കണ്ണി, ഗീത, ബിന്ദു, ഭൂപതി എന്നിവരാണ്‌ വിഭവങ്ങൾ തയ്യാറാക്കുന്നത്‌.

"ഞങ്ങളുടെ തനത്‌ വിഭവങ്ങൾ എല്ലാവരും അറിയുന്നതിലുള്ള സന്തോഷം വലുതാണ്‌. കേരളീയത്തിനും ഞങ്ങൾ എത്തിയിരുന്നു. സ്വന്തം സമുദായത്തിലുള്ളവരോട്‌ മാത്രം ഇടപെട്ട്‌ ജീവിക്കുന്ന ഞങ്ങൾക്ക്‌ ഒരുപാട്‌ പേരെ കാണാനും സംസാരിക്കാനും കഴിയുന്ന നല്ലൊരു അനുഭവമാണിത്‌'- മലയാളവും തമിഴും കലർന്ന ഭാഷയിൽ വേളാങ്കണ്ണി പറയുന്നു. 

കേരളീയരുടെ വികാരമായ കപ്പയ്ക്കും കുടംപുളിയിട്ട മീൻ കറിക്കും ഡിമാൻഡ്‌ ഏറെയാണ്‌. ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ എന്നിവ പുഴുങ്ങിയതിന് കാന്താരി ചമ്മന്തിയും. തൈരിൽ മധുരവും ഉപ്പും ചേർത്തുള്ള പ്രത്യേക വിഭവവും ചേമ്പിന് നൽകുന്നുണ്ട്. മാനവീയം വീഥിയിൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെ ഈ സ്റ്റാളുകൾ പ്രവർത്തിക്കും. വനവിഭവങ്ങൾക്കും ഗോത്രഭക്ഷണങ്ങൾക്കും പുറമെ പുസ്തകമേളയും ഫോട്ടോ പ്രദർശനവുമുണ്ട്. മറയൂർ ശർക്കര, മറയൂർ ചന്ദനക്കാടുകളിൽ നിന്നുമുള്ള ചന്ദനത്തേൻ,  ചന്ദനത്തൈലം, യൂക്കാലിത്തൈലം, പുൽതൈലം എന്നിവയ്ക്കും മേളയിൽ തിരക്കാണ്‌. എട്ടിന്‌ പ്രദർശനം സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top