19 December Thursday
ആകെ ചെലവ‍് 34,000 കോടി

നഗര- ഗ്രാമ ഭേദമില്ലാതെ വികസനം; ഉയരും ട്രിവാൻഡ്രം ഹബ്

എസ് കിരൺബാബുUpdated: Saturday Sep 28, 2024

​ഗര​ഗ്രാമ ഭേദമില്ലാതെ തലസ്ഥാന ന​ഗരം വൻ വികസനക്കുതിപ്പിന് ഒരുങ്ങുന്നു. വിഴിഞ്ഞത്ത് ലോജിസ്റ്റിക് ടൗൺഷിപ്പും കോവളത്ത് ഹെൽത്ത് ടൂറിസം ഹബ്ബും കാട്ടാക്കട ​ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ഹബ്ബും കിളിമാനൂരിലും കല്ലമ്പലത്തും അ​ഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് ഹബ്ബും ഉൾപ്പെടെ 49 വില്ലേജുകളെ അടിമുടി മാറ്റുന്ന വിഴിഞ്ഞം– നാവായിക്കുളം- വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ)യുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമായതിന് പിന്നാലെയാണ് 34,000 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.

വ്യവസായ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും പിന്തുണയോടെ ക്യാപ്പിറ്റൽ റീജിയൻ ഡവലപ്മെന്റ് പ്രോജക്ട്–2 (സിആർഡിപി 2)ന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. വെള്ളയമ്പലത്തെ ക്യാപ്പിറ്റൽ റീജിയൻ ഡവലപ്മെന്റ് പ്രോജക്ട്–2 ഓഫീസിൽ ഇതിന്റെ ത്രീഡി മാതൃകയും തയ്യാറാക്കിയിട്ടുണ്ട്. വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 77 കിലോമീറ്ററിലെ റിങ് റോഡിന് ഇരുവശങ്ങളിലുമായി അഞ്ച് കിലോമീറ്ററോളം ചുറ്റളവിലെ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ടൗൺഷിപ്പുകളും ക്ലസ്റ്ററുകളും ഹബ്ബുകളും ഉയരുക. നഗരങ്ങളിലെയും ​ഗ്രാമങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുന്നതിനൊപ്പം തലസ്ഥാനമാകെ ഒരു പ്രത്യേക നിക്ഷേപ മേഖലയായി മാറും. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിമാനത്താവളം, ടെക്നോപാർക്ക്, വിവിധ സർവകലാശാലകൾ, ദേശീയപാത 66, മലയോര, തീരദേശ ഹൈവേകൾ, ലൈറ്റ് മെട്രോ, കെ റെയിൽ തുടങ്ങിയ പദ്ധതികളുമായും ഇതിനെ ബന്ധിപ്പിക്കും. ഹരിത ഹൈഡ്രജൻ, സൗരോർജം, ഭക്ഷ്യസംസ്കരണം തുടങ്ങി സുസ്ഥിരവികസനത്തിനാണ് ഊന്നൽ നൽകുക. ലോകോത്തര കമ്പനികളാണ് പദ്ധതിയിൽ നിക്ഷേപം നടത്താൻ സന്നദ്ധതയുമായി മുന്നോട്ട് വരുന്നത്.  സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ വളർച്ചയ്ക്ക്  പദ്ധതി കരുത്ത് നൽകും.

ഭൂമി ഏറ്റെടുക്കാൻ  ‘ലാൻഡ് പൂളിങ്’ രീതിയാണ് നടപ്പാക്കുക. ഒരു പ്രദേശത്തെ ഭൂമി, ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി വിജ്ഞാപനം ചെയ്യുന്ന രീതിയാണിത്. ഇതിനായി പുതിയനിയമം നിർമിക്കുന്നതിനുള്ള കരടും തയ്യാറായിട്ടുണ്ട്.

നിർബന്ധിച്ച് 
ഭൂമി ഏറ്റെടുക്കില്ല

ലാൻഡ്‌ പൂളിങ്ങിന്‌ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ ഭൂവുടമകളിൽനിന്ന്‌ അഭിപ്രായം തേടും. 75 ശതമാനം പേർ സമ്മതിക്കുകയാണെങ്കിൽ മാത്രമേ ഭൂമി ഏറ്റെടുക്കൂ. പകുതി സ്ഥലം വ്യവസായങ്ങൾക്കായി നീക്കിവയ്ക്കും. അങ്ങനെ മാറ്റിവയ്ക്കുമ്പോൾ കിട്ടുന്ന പണംകൂടി ഉപയോഗിച്ച്‌ ബാക്കി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും. സംരംഭങ്ങൾക്ക് നൽകിയതിനുശേഷമുള്ള മുഴുവൻ ഭൂമിയും ഉടമകൾക്ക് ആനുപാതികമായി വിട്ടുനൽകും. സൗകര്യങ്ങൾ കൂടുന്നതോടെ ഈ ഭൂമിയുടെ വില പല മടങ്ങ് കൂടും.

നിക്ഷേപ സാധ്യതകൾ

● റോബോട്ടിക്സ്
● സ്മാർട്ട്ഷിപ്
● എഐ മെഡിസിൻ
● ഹൈഡ്രജൻ,  
     ഇലക്ട്രിക് വാഹനങ്ങൾ
● മെഡിക്കൽ ടൂറിസം
● തിരമാലയിൽനിന്ന്‌ വൈദ്യുതി
● സ്മാർട്ട് കൃഷി
● വിനോദം, സ്പോർട്സ്
● ടൂറിസം  
● ഐടി
● ഉന്നത വിദ്യാഭ്യാസം

നടപ്പാക്കുന്ന പദ്ധതികളും ഏറ്റെടുക്കുന്ന ഭൂമിയും

●    വിഴിഞ്ഞത്ത് ലോജിസ്റ്റിക്, വ്യവസായ ടൗൺഷിപ്–- 6.3 ചതുരശ്ര കി.മീ
●    കോവളത്ത് ഹെൽത്ത് ടൂറിസം ഹബ്–- 4.1 ചതുരശ്ര കി.മീ
●    കാട്ടാക്കട ​ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ഹബ്‌ –7.37 ചതുരശ്ര കി.മീ
●    നെടുമങ്ങാട് റീജണൽ ബിസിനസ് ആൻഡ്  ഇൻസ്റ്റിറ്റ്യൂഷണൽ ഹബ്–5.58 ചതുരശ്ര കി.മീ
●    വെമ്പായം ഫാർമ ആൻഡ്  ഫുഡ് പ്രോസസിങ് ക്ലസ്റ്റർ–7.47 ചതുരശ്ര കി.മീ
●    മം​ഗലപുരം ലൈഫ് സയൻസ് ആൻഡ് ഐടി ക്ലസ്റ്റർ–6.37 ചതുരശ്ര കി.മീ
●    കിളിമാനൂർ അ​ഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് – 5.28 ചതുരശ്ര കി.മീ
●    കല്ലമ്പലം അ​ഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് –8.28 ചതുരശ്ര കി.മീ

ന​ഗര​ഗ്രാമ 
ഭേദമില്ലാതെ വികസനം

●മലിനജല സംസ്കരണം 
1595.5 കോടി
●ഖരമാലിന്യ സംസ്കരണം 
276.6 കോടി
●​ഗതാ​ഗതം 
25,218 കോടി
●കുടിവെള്ളം 
1189.2 കോടി
●വൈദ്യുതി വിതരണം 
2774.5 കോടി
●ടെലികമ്യൂണിക്കേഷൻ 
394.9 കോടി
●മഴവെള്ള സംഭരണം  
116.3 കോടി
●ഐടി, സാ​ങ്കേതികവിദ്യ 
2678.8 കോടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top