തിരുവനന്തപുരം > ദക്ഷിണാഫ്രിക്ക അടക്കം വിദേശ മൃഗശാലയിൽനിന്ന് മൂന്ന് ജോഡി സീബ്രകളെയും രണ്ട് ജോഡി ജിറാഫിനെയും തിരുവനന്തപുരം മൃഗശാലയിലെത്തിക്കും. ഇവിടത്തെ "സീത' എന്ന സീബ്ര 2017-ലും മൈസൂരു മൃഗശാലയിൽ നിന്നെത്തിച്ച "രാജ' എന്ന ജിറാഫ് 2013-ലും ചത്തിരുന്നു. ദീർഘനാളത്തെ പരിശ്രമഫലമായാണ് പുതിയവയെ എത്തിക്കാൻ നടപടി ആരംഭിച്ചത്.
ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് മഞ്ഞ അനാക്കോണ്ടകൾ, വെള്ള മയിൽ, ചെന്നായ എന്നിവയെ കൊണ്ടുവരാനും ചർച്ചകൾ നടക്കുന്നുണ്ട്.
രക്ഷിക്കപ്പെട്ടതും അനാഥമാക്കപ്പെട്ടതുമായ വന്യമൃഗങ്ങളെയും വംശനാശ ഭീഷണി നേരിടുന്നവയെയുമാണ് തിരുവനന്തപുരം മൃഗശാലയിൽ സംരക്ഷിക്കുന്നത്. കേവലം പ്രദർശനവും വിനോദവും എന്നതിൽനിന്ന് ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് മൃഗങ്ങളുടെ ഇനവും എണ്ണവും വർധിപ്പിക്കുന്നത്.
ശനിയാഴ്‌ച കഴുതപ്പുലി പ്രസവിച്ചതോടെ ഈ വർഷം ഏഴ് ഇനങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടായി. ഹിപ്പോയ്ക്ക് ഒന്ന്, പുള്ളിപ്പുലിക്ക് മൂന്ന്, മക്കാവു തത്തകൾക്ക് മൂന്ന്, അമേരിക്കൻ റിയക്ക് മൂന്ന് എന്നിങ്ങനെയാണവ. സിംഹം, ഹനുമാൻ കുരങ്ങ് എന്നിവയ്ക്കും കുഞ്ഞുങ്ങളുണ്ടായെങ്കിലും അവ അതിജീവിച്ചില്ല.
പ്രായാധിക്യത്താലും രോഗങ്ങൾ ബാധിച്ചും മൃഗങ്ങൾ ചത്തുപോകുന്നതിനാൽ കൂടുതൽ ശ്രദ്ധാപൂർവം പ്രജനനം നടത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. 93 ഇനം പക്ഷിമൃഗാദികൾ ഇപ്പോൾ ഇവിടെയുണ്ട്. കേന്ദ്ര മൃഗശാല അതോറിറ്റി നിയമപ്രകാരം 75ലധികം ജീവിവർഗങ്ങളുള്ള 17 മൃഗശാലകളുടെ "ലാർജ് സൂ'പട്ടികയിൽ തിരുവനന്തപുരവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..