22 December Sunday

മാറുന്നു, നഗരത്തിന്റെ മനസ്സറിഞ്ഞ്‌

ജെയ്സൻ ഫ്രാൻസിസ്Updated: Sunday Aug 18, 2024


അതിവേഗം മാറുന്ന നഗരമാണ്‌ കൊച്ചി. ആ മാറ്റത്തിനനുസൃതമായി മാലിന്യസംസ്‌കരണ രംഗത്തും കുതിക്കണം. ഈ രംഗത്ത്‌ കോർപറേഷൻ നടപ്പാക്കുന്ന പദ്ധതികൾ പലതും കേരളത്തിന്റെ ശ്രദ്ധനേടുകയാണ്‌.

ബിഎസ്‌എഫ്‌ (പട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള)  പ്ലാന്റുകൾ ഉൾപ്പെടെയുള്ള കൊച്ചി മാതൃക ഇതര തദ്ദേശസ്ഥാപനങ്ങൾ പകർത്താൻ താൽപ്പര്യം പ്രകടിപ്പിച്ചത്‌ കോർപറേഷനുള്ള അംഗീകാരംകൂടിയാണ്‌. ശുചിത്വകേരളമെന്ന  ലക്ഷ്യം സാർഥകമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾക്കും കരുത്താണ്‌ കൊച്ചിയുടെ മുന്നേറ്റം.

 

ബോട്ടിൽ ബൂത്തുകൾ

കൊച്ചിയിലെ ന്യൂജെൻ മാലിന്യശേഖരണ വിദ്യകളിലൊന്നാണ്‌.  പരീക്ഷണാടിസ്ഥാനത്തിലാണ്‌ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്‌. ശീതളപാനീയങ്ങളും വെള്ളവും കുടിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കുപ്പികൾ ശേഖരിക്കാനായി സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ അതിവേഗം ഹിറ്റായി. ബൂത്തുകൾ നിറയുന്നമുറയ്‌ക്ക്‌  നീക്കുന്നുമുണ്ട്‌.

 
കണ്ടെയ്‌നറുകളെ പ്ലാസ്റ്റിക്‌മാലിന്യ ശേഖരണത്തിനുള്ള എംസിഎഫ്‌ (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) ആക്കിയതും മികച്ച തന്ത്രങ്ങളിലൊന്ന്‌. ബ്രഹ്മപുരത്തെ തീപിടിത്തമുയർത്തിയ വെല്ലുവിളിയും സ്ഥലപരിമിതിയെന്ന പ്രതിസന്ധിയും മറികടന്നത്‌ കണ്ടെയ്‌നർ എംസിഎഫുകളിലൂടെയാണ്‌. 56 കണ്ടെയ്‌നർ എംസിഎഫുകളുണ്ട്‌. ഇതിനുപുറമെ രണ്ട്‌ സ്ഥിരം എംസിഎഫുകളും. ഷിപ്‌യാർഡിൽനിന്നാണ്‌ കോർപറേഷൻ ഇവ വാങ്ങിയത്‌.


കേരളത്തിന്റെ സ്വന്തം ശുചിത്വസേനയായ ഹരിതകർമസേനയും കൊച്ചിയിൽ മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ്‌. 798 ഹരിതകർമസേനാംഗങ്ങളാണ്‌ കോർപറേഷന്റെ കീഴിലുള്ളത്‌. ജൈവ, അജൈവ മാലിന്യങ്ങൾ ഇവർ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെത്തി ശേഖരിക്കുന്നു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിശ്ചിതഫീസ്‌ ഈടാക്കുന്നുണ്ട്‌. അജൈവമാലിന്യ സംസ്‌കരണത്തിനുള്ള അഞ്ച്‌ ആർആർഎഫുകൾ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) നിലവിൽ പ്രവർത്തിക്കുന്നു. അഞ്ച്‌ വാർഡുകളിൽ തുമ്പൂർമുഴി മോഡൽ ഹീൽബോക്‌സുകളുണ്ട്‌. 1500 വീടുകളിൽ കോർപറേഷൻ ബയോബിൻ വിതരണം ചെയ്‌തു. സർക്കാർ, പൊതുമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 47 നാപ്‌കിൻ ഇൻസിനറേറ്ററുകളും സ്ഥാപിച്ചു.


അതിജീവിക്കും, 
വിജയിക്കും


മാലിന്യമെന്ന വെല്ലുവിളിയെ ഘട്ടംഘട്ടമായി അതിജീവിക്കുകതന്നെ ചെയ്യും. ഇതിനായുള്ള പരിശ്രമങ്ങളാണ്‌ കോർപറേഷൻ നടത്തുന്നത്‌. കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണയോടെയാണ്‌ ഓരോ പരിശ്രമവും. കൊച്ചിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ സർക്കാർ നൽകുന്ന പിന്തുണയും കോർപറേഷന്‌ ഊർജംപകരുന്നു.

(അവസാനിച്ചു)

 

ബ്രഹ്മപുരം മാതൃകയാക്കും: 
മന്ത്രി എം ബി രാജേഷ്‌


ബ്രഹ്മപുരത്തെ ആധുനിക മാലിന്യസംസ്‌കരണം മാതൃകയാക്കും. കൊച്ചിയുടെ മാലിന്യസംസ്‌കരണ രംഗത്ത്‌ ഒരുവർഷത്തിനുള്ളിൽ വലിയ മാറ്റങ്ങളുണ്ടായി. സിബിജി (കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌) പ്ലാന്റിനുപുറമെ ബ്രഹ്മപുരത്ത്‌ വേറെയും പ്രധാന പദ്ധതികൾ സർക്കാർ ആലോചിക്കുന്നു. ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരണം. മാലിന്യം വലിച്ചെറിയുന്ന ശീലം ഇനിയും മാറിയിട്ടില്ല. ബോധവൽക്കരണവും വിട്ടുവീഴ്‌ചയില്ലാത്ത നിയമനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top