20 November Wednesday
തട്ടിപ്പ്‌ ചോദ്യംചെയ്‌തതിന്റെ പകപോക്കൽ: നിതമോൾ

ട്വന്റി 20യിൽ തമ്മിലടി; കുന്നത്തുനാട് 
പ്രസിഡന്റ്‌ അവിശ്വാസത്തിൽ പുറത്ത്

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2024


പള്ളിക്കര
ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തില്‍ പ്രസിഡന്റ് എം വി നിതമോള്‍ പാർടി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പുറത്തായി. 18 അംഗങ്ങളില്‍ ട്വന്റി- 20യുടെ പത്ത്‌ പേർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. അഞ്ച് യുഡിഎഫ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

വൈസ് പ്രസിഡന്റ് റോയി ഔസേഫ് ട്വന്റി 20 നേതൃത്വത്തിന്റെ പിന്തുണയോടെ നടത്തുന്ന അനധികൃത ഇടപെടലുകള്‍ നിതമോൾ ചോദ്യംചെയ്‌തതാണ്‌ അവിശ്വാസപ്രമേയത്തിലെത്തിച്ചത്. പ്രസിഡന്റും വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും തമ്മിൽ പോര് തുടങ്ങിയിട്ട് നാളുകളായി. അനധികൃത ഇടപെടലുകള്‍ക്ക് പ്രസിഡന്റ് ഒത്താശ ചെയ്യാത്തതും ട്വന്റി -20 നേതൃത്വത്തെ പ്രകോപിപ്പിച്ചു. എല്‍ഡിഎഫ് അംഗം നിസാര്‍ ഇബ്രാഹിമിനെ പുറത്താക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കാത്തതും അവിശ്വാസത്തിന് കാരണമായി. ചൊവ്വ രാവിലെ പൊലീസ് സംരക്ഷണത്തിലാണ് പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. സെപ്‌തംബര്‍ 30നാണ് ട്വന്റി 20യിലെ പത്ത്‌ അംഗങ്ങള്‍ ഒപ്പിട്ട് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

തട്ടിപ്പ്‌ ചോദ്യംചെയ്‌തതിന്റെ പകപോക്കൽ: നിതമോൾ
ട്വന്റി 20 തനിക്കെതിരെ ഉയര്‍ത്തിയത് വ്യാജ അഴിമതി ആരോപണങ്ങളെന്ന് അവിശ്വാസത്തിൽ പുറത്തായ കുന്നത്തുനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി നിതമോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്വന്റി -20 നേതൃത്വം വാട്‌സാപ്പിലൂടെ അയക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകമാത്രമാണ് ചെയ്‌തത്. പഞ്ചായത്തിലെ എല്ലാ കാര്യങ്ങളും വൈസ് പ്രസിഡന്റും അംഗങ്ങളും അറിഞ്ഞുകൊണ്ടാണ് ചെയ്‌തത്. ഇവരുടെ പല അനധികൃത തീരുമാനങ്ങളും ചോദ്യംചെയ്തിരുന്നു. എന്നാൽ, പല കാര്യങ്ങളും സമ്മര്‍ദം ഉപയോഗിച്ച്‌ ഇവർ നടപ്പാക്കിയെന്നും നിതമോള്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് അനധികൃതമായി ഒട്ടേറെപ്പേരില്‍നിന്ന്‌ പണം പിരിച്ചിട്ടുണ്ട്. മാലിന്യം തള്ളിയെന്നു പറഞ്ഞ് ആളുകളില്‍നിന്ന് പണം വാങ്ങി. കിണര്‍ വൃത്തിയാക്കുന്നതിന്റെ പേരില്‍ പഞ്ചായത്തില്‍നിന്ന്‌ സ്വന്തം അക്കൗണ്ടിലേക്ക് പണം കൈപ്പറ്റി. ഇതിനെല്ലാം തെളിവുണ്ട്. ഇതെല്ലാം ചോദ്യംചെയ്തതിലുള്ള പകയാണ് അവിശ്വാസത്തിനുപിന്നിൽ. നാമനിർദേശപത്രികയിൽ തന്റെ സ്വത്ത്‌ വെളിപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റിന്റെ അക്കൗണ്ട് പരിശോധിച്ചാല്‍ ആരാണ് അഴിമതിക്കാരനെന്ന് മനസ്സിലാകും.

പള്ളിക്കരയില്‍ സ്വകാര്യ കെട്ടിടം പെര്‍മിറ്റ് ഇല്ലാതെയാണ് നിര്‍മിച്ചത്. അനധികൃതമായി പണിത കെട്ടിടത്തിന് അനുമതി നല്‍കാത്തത് ട്വന്റി- 20 നേതൃത്വത്തിന് വിരോധമുണ്ടാക്കി. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ട്വന്റി 20 നേതൃത്വവും വൈസ് പ്രസിഡന്റും മറ്റംഗങ്ങളും ശ്രമിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളില്‍ ആരോപണങ്ങളില്‍ പരാതി നല്‍കി തെളിവുകള്‍ ഹാജരാക്കും.

പഞ്ചായത്തിലെ 2, 3, 9 വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ ചേര്‍ന്നിട്ടില്ല. പങ്കാളിത്തം കാണിക്കാന്‍ വ്യാജ ഒപ്പിട്ടാണ് ഗ്രാമസഭ ബുക്ക് സമര്‍പ്പിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത ഓവര്‍സിയര്‍, ജെഎച്ച്‌ഐ, ജെപിഎച്ച്എന്‍ എന്നിവര്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ വാര്‍ഡിലെ അംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിട്ടുണ്ടെന്നും നിതമോള്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top