തിരുവനന്തപുരം> കംപ്യൂട്ടർ ഒരു വിദൂര സ്വപ്നമായിരുന്ന 1900-കളിൽ, ടൈപ്പ്റൈറ്റർ ഭരിച്ചിരുന്ന കാലത്തെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും എഴുത്ത് ദുഷ്‌കരം. ഗോദറേജ് പ്രിമ മോഡൽ യന്ത്രവുമായുള്ള പ്രണയം നിലനിൽക്കുമ്പോഴും സൂക്ഷ്മമായും ജാഗ്രതയോടെയും അക്ഷരങ്ങളെ വിരലുകളിലൂടെ പ്രത്യേക താളത്തിൽ നിരത്തുമ്പോഴുള്ള പ്രയാസത്തെ ഓർത്തെടുക്കുകയാണ് കവടിയാർ സ്വദേശി വിജയകുമാർ.
20 വർഷമായി ടൈപ്പ് റൈറ്റർ മെഷീനുമായി ഗവ. പ്രസ്‌റോഡിലെ ജോബ് വർക്കേഴ്‌സ് ചെയ്ത് നൽകുമെന്ന ബോർഡിനരികിലെ ഇടുങ്ങിയ കട മുറിയിൽ തന്റെ പ്രിയപ്പെട്ട യന്ത്രവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ എഴുപത്തിരണ്ടുകാരൻ. എന്നാൽ, കംപ്യൂട്ടറിൽ തയ്യാറാക്കിയ മാറ്ററുകളിലെ തെറ്റുകൾ തിരുത്താൻ മാത്രമാണ് ആളുകളെത്തുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിട്ട ബോർഡിൽ തുരുമ്പെടുത്തെങ്കിലും യന്ത്രം ഇപ്പോഴും പുതുപുത്തനാണ്. പന്ത്രണ്ടായിരം രൂപയ്ക്ക് സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ് ഗോദറേജ് പ്രിമ മോഡൽ.
ഒരുകാലത്ത് സ്വകാര്യമേഖലയേക്കാൾ പെട്ടെന്ന് സർക്കാർ മേഖല വികസിച്ചു. എഴുത്തുകാർക്ക് പകരം ടൈപ്പിസ്റ്റുകൾ വന്നു, നഗരങ്ങളിൽ തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്ത് ടൈപ്പ് റൈറ്റിങ് പരിശീലന സ്ഥാപനങ്ങൾ ഉയർന്നു, ടൈപ്പ്റൈറ്റർ റിപ്പയർ വിദഗ്ധർ കടകൾ സ്ഥാപിച്ചു. കോടതികൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് ടൈപ്പിസ്റ്റുകളുടെ സ്റ്റാളുകൾ നിരന്നു. മെഷിനിലെ കീപാഡിൽ വിരലുകൾ അമരുമ്പോൾ ഓരോ അക്ഷരത്തിനും വ്യത്യസ്ത മർദം; ശൂന്യമായ കടലാസിൽ ഉരുട്ടി, വാക്യത്തിന്റെ തുടക്കത്തിൽ സിൽവർ ലിവർ നീക്കി, ഒരു തെറ്റും കൂടാതെ വേഗത്തിൽ ടൈപ്പ് ചെയ്യണം. തെറ്റുകൾക്ക് അവരുടെ താളുകളിൽ സ്ഥാനമില്ലായിരുന്നു.
"എൺപതുകളിൽ നിയമസഭ കൂടുന്ന സമയത്ത് കത്തുകൾ, ഹർജികൾ, സത്യവാങ്മൂലം എന്നിവയുടെ ഡോക്യുമെന്റേഷനായി ക്യൂവിൽ തങ്ങളുടെ ഊഴം ക്ഷമയോടെ കാത്തിരിക്കുന്ന അപേക്ഷകരും ടൈപ്പ് റൈറ്ററുകളിൽ മനം കവരുന്ന വേഗത്തിൽ അടിക്കുന്ന ടൈപ്പിസ്റ്റുകളും സ്ഥിരം കാഴ്‌ചയായിരുന്നു–- വിജയകുമാർ ഓർക്കുന്നു. ഹയറും ലോവറും പാസായിരുന്നെങ്കിലും സർക്കാർ ജോലിക്ക് ശ്രമിച്ചില്ല. ഇന്നും വലിയ നഷ്‌ടമായി തോന്നുന്നതും അതാണ്. പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി എന്തുചെയ്യുമെന്ന ആലോചനയിലാണ് സഹോദരന്റെ കടമുറി 50 രൂപ വാടകയ്ക്ക് എടുത്തു ടൈപ്പിങ് തുടങ്ങിയത്. സുഖമായി ജീവിക്കാനുള്ള വരുമാനം അന്ന് കിട്ടുമായിരുന്നു. ഇന്ന് ആരെങ്കിലും വല്ലപ്പോഴും എത്തിയാലായി.
എല്ലാ ദിവസവും വെറുതെ പേപ്പറ് വച്ച് കീകൾ അമർത്തും. മെഷീനിൽ എണ്ണയിട്ട് കൊടുക്കും. അതുകൊണ്ട് യന്ത്രം നല്ല കണ്ടീഷനാണ്. റിപ്പയർ ചെയ്യാൻ ആളുകൾ കുറഞ്ഞതോടെ കേടുകൾ പരിഹരിക്കുന്നതും സ്വന്തം, ഇന്നും യാത്ര നടന്ന്, ദൂര യാത്രകൾക്ക് ബസ്. മൊബൈൽ ഫോണും മറ്റൊരു ടെക്‌നോളജിയും വിജയകുമാർ ഉപയോഗിക്കുന്നില്ല. ഇനി എന്തിനാണ് എനിക്ക് പ്രായമായില്ലേ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..