22 November Friday

യുഎഇ ടു ഇന്ത്യ; ഒരു റോഡ്‌ അപാരത

സ്വന്തം ലേഖികUpdated: Friday Oct 4, 2024

പാലക്കാട്‌ > യുഎഇയിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ റോഡ്‌മാർഗം ഒരു യാത്രപോയാലോ?. കേൾക്കുമ്പോൾ സാധ്യമോ എന്ന സംശയം വേണ്ട. പാലക്കാട്‌ കേരളശേരി സ്വദേശി രജിത്ത്‌ നിലാഞ്ചേരിയും തൃശൂർ പുല്ലഴി സ്വദേശി ബിനീഷ്‌ കൃഷ്ണയും യുഎഇയിൽനിന്ന്‌ 39 ദിവസംകൊണ്ട്‌ 14,000 കിലോമീറ്റർ താണ്ടിയാണ്‌ കേരളത്തിലെത്തിയത്‌. ആഗസ്‌ത്‌ 26ന്‌ യാത്ര ആരംഭിച്ചു. തുർക്‌മനിസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ, തജികിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്സ്ഥാൻ, ചൈന, നേപ്പാൾ തുടങ്ങി പത്തോളം രാജ്യങ്ങൾ പിന്നിട്ടു. നിലവിൽ തൃശൂരിലേക്കാണ്‌ പോകുന്നത്‌. യാത്രയിൽ താൽപ്പര്യമുള്ള ഇരുവരും യുഎഇ –- ഇന്ത്യ യാത്രയുടെ ഭാഗമായാണ്‌ ഒന്നിച്ചത്‌. ദുബായ്‌ രജിസ്‌ട്രേഷനുള്ള ടൊയോട്ട 4 റണ്ണറിലാണ്‌ യാത്ര.

മരുഭൂമി, പച്ചപ്പ്‌, മല, കാടുകൾ, ലോകത്തിൽതന്നെ ഏറ്റവും ഉയരം കൂടിയ പാമിർഹൈവേവരെ ഒരേ മനസ്സോടെ കടന്നുവന്നു. ‘ഫെയ്‌സ്‌ബുക്കിലെ സഞ്ചാരി ഗ്രൂപ്പിലെ ബിനീഷിന്റെ പോസ്റ്റിൽനിന്നാണ്‌ തുടക്കം. ഇടയ്‌ക്ക്‌ പശുക്കൾ വില്ലൻമാരായി എന്നതൊഴിച്ചാൽ പ്രതീക്ഷിച്ചതിനേക്കാൾ നന്നായിരുന്നു യാത്ര. ഇടയ്‌ക്ക്‌ കുറച്ച്‌ മലയാളികളെയും പരിചയപ്പെട്ടു. ഒപ്പം കൂടി. യാത്രയുടെ തയ്യാറെടുപ്പിന്‌ പിന്നിൽ നാലുമാസത്തെ പരിശ്രമമുണ്ട്‌. ഇതിനായി ഒരുപാട്‌ റഫറൻസുകൾ നടത്തിയെന്ന്‌ രജിത്ത്‌ പറഞ്ഞു. റൂഫ്‌ ട്രാക്ക്‌, ലാഡർ, ഇൻവർഡർ, എയർകംപ്രസർ, ലൈറ്റുകൾ തുടങ്ങിയവയെല്ലാം വാഹനത്തിൽ സജ്ജം. മിക്കയിടത്തും ഉറക്കം ടെന്റിലായിരുന്നു. പലപ്പോഴും ഭക്ഷണം സ്വന്തമായി പാചകം ചെയ്തു. യാത്രാമധ്യേ പാലക്കാട്ടെത്തിയ ഇവരെ മെഡിക്കൽ കോളേജിന്‌ സമീപം എത്തി കലക്‌ടർ എസ്‌ ചിത്ര അനുമോദിച്ചു. ഈ മാസം അവസാനമാണ്‌ മടക്കം. യാത്രയുടെ ഓരോ ഘട്ടങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഇവർ പങ്കിട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top