19 December Thursday

തുറന്നുകാട്ടിയത് ലീ​ഗിന്റെ കാപട്യം: യുഡിഎഫിന്റെ ദുഷ്‌പ്രചാരണം പരാജയഭയം മൂലം- മന്ത്രി ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

തിരുവനന്തപുരം> മുസ്ലിംലീഗിന്റെ രാഷ്‌ട്രീയ കാപട്യം തുറന്നുകാട്ടിയതിനെ പാണക്കാട്‌ സാദിഖലി തങ്ങൾക്കെതിരായ വ്യക്തിപരമായ വിമർശനമായി കാട്ടിയുള്ള ദുഷ്‌പ്രചാരണത്തിലൂടെ യുഡിഎഫ്‌ നേതാക്കളുടെ പരാജയ ഭയമാണ്‌ പുറത്തുവരുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻഅട്ടിമറി ഭയക്കുന്ന പ്രതിപക്ഷ നേതാവും സംഘവും നുണപ്രചാരണത്തിലൂടെ രക്ഷാകവചം ഒരുക്കാനാണ്‌ ശ്രമിക്കുന്നത്‌.

കോൺഗ്രസിനൊപ്പം കൂടിയ ബിജെപി നേതാവ്‌ സന്ദീപ്‌ വാര്യരെ മഹത്വവത്‌കരിക്കുന്നത്‌ യുഡിഎഫിന്റെ വെപ്രാളവും ജാള്യവും മൂലമാണെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്‌. കോൺഗ്രസിലെത്തിയ ആർഎസ്‌എസുകാരന്റെ ഇന്നലെ വരെയുള്ള നിലപാടുകൾ മതനിരപേക്ഷ ചിന്താഗതിക്കാർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കുമെല്ലാം നല്ലതുപോലെ അറിയാവുന്നതാണ്‌.

മുസ്ലിംലീഗ്‌ ജമാഅത്തെ ഇസ്ലാമിയുടെ ആശയ തടങ്കലിലാണെന്നത്‌ പുതിയ കാര്യമല്ല. അക്കാര്യം മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കുകയായിരുന്നു. അത്‌ വലിയ കുറ്റമായിപ്പോയി എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ അടക്കമുള്ള യുഡിഎഫ്‌ നേതാക്കൾ പ്രചരിപ്പിക്കുന്നത്‌. ഇക്കാര്യം മുമ്പും സിപിഐ എം പറഞ്ഞിട്ടുണ്ട്‌. എന്നാൽ, ഈ രാഷ്ട്രീയ വിമർശനത്തിനുള്ള മറുപടിയായി മതപരമായ വിശദീകരണത്തിനാണ്‌ ലീഗ്‌ നേതാക്കൾ ശ്രമിക്കുന്നത്‌.

രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായ സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയ രാഷ്‌ട്രീയ വിമർശനത്തിനുള്ള മറുപടിയിൽ മതപരമായ വിശദീകരണം കലർത്തുന്നത്‌ എന്തിനാണെന്ന്‌ കേരളത്തിലെ മതനിരപേക്ഷ ജനസമൂഹം മനസിലാക്കുന്നുണ്ട്‌. മതവികാരം ആളിക്കത്തിച്ച്‌ ഉപതെരഞ്ഞെടുപ്പിൽ നാലുവോട്ട്‌ തരപ്പെടുത്താമെന്ന യുഡിഎഫ്‌  വ്യാമോഹം പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളയുമെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top