24 November Sunday

കോൺഗ്രസിൽ കലഹം തുടരുന്നു; സരിനു പിന്തുണയുമായി കൂടുതൽ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ഫോട്ടോ: ശരത്‌ കൽപാത്തി

പാലക്കാട്> ഷാഫി പറമ്പിലിന്റെ നോമിനിയായി രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തരകലഹം വീണ്ടും മൂർച്ഛിച്ചു. കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത്‌ മെമ്പറും ഷാഫിക്കെതിരെയും പാർടിയിൽ നേരിടുന്ന കടുത്ത അവഗണനയും  പരസ്യമായി വെളിപ്പെടുത്തി .  
    
പിരായിരി പഞ്ചായത്ത്‌  മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിത്താരയുമാണ്‌  നിലപാട്‌ വ്യക്തമാക്കിയത്‌.  ഒന്നാം വാർഡ്‌ മെമ്പറാണ്‌ സിത്താര. എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനെ  പിന്തുണയ്‌ക്കുമെന്ന്‌ ഇരുവരും അറിയിച്ചു. പാർടിയിൽ പരിഗണനയില്ലാത്തതും ഏകാധിപത്യ പ്രവണതയും ഇരുവരും തുറന്നുപറഞ്ഞു.  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും  പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല. 

വികസനപ്രശ്‌നങ്ങൾ നിരന്തരമുന്നയിച്ചിട്ടും ഷാഫി അവഗണിച്ചു.  റോഡ്‌ വികസനങ്ങളിലടക്കം ഷാഫി ഗൗനിച്ചില്ല. ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങളാണ്‌ പറഞ്ഞത്‌. പക്ഷെ മുഖവിലയ്‌ക്കെടുക്കാതെ അവഗണിച്ചു.  അവരുടെ കൂടെ നിൽക്കുന്നവരുടെ മാത്രം താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ്‌. ഷാഫി മത്സരിച്ച രണ്ട്‌ തെരഞ്ഞെടുപ്പിലും വാർഡിൽ നിന്ന്‌ 170ൽപ്പരം വോട്ട്‌  ഭൂരിപക്ഷം നേടിക്കൊടുത്തത്‌ തന്റെ പ്രവർത്തനത്തിലാണ്‌.  പക്ഷെ ഇപ്പോൾ നാട്ടുകാരും പറയുന്നു, ഒന്നും നടക്കുന്നില്ല, അതിനുമറുപടി പറയാൻ പറ്റാതായി. 30 വർഷമായി കോൺഗ്രസ്‌ പ്രവർത്തകനാണ്‌.  ബൂത്ത്‌ പ്രസിഡന്റായിരുന്നു. പാർടിക്ക്‌ വേണ്ടി നന്നായി കഷ്ടപ്പെട്ടു. ഈ അവഗണന  ഇനി തുടരാൻ കഴിയില്ല. ഇതേ പ്രശ്‌നങ്ങൾ പറഞ്ഞാണ്‌  ഡോ. പി സരിനും പാർടി വിട്ടത്‌.  സ്വതന്ത്ര സ്ഥാനാർഥിയായ സരിനെ പിന്തുണയ്‌ക്കും. അതിനുവേണ്ടി പ്രവർത്തിക്കും ശശിയും സിത്താരയും നിലപാട്‌ ആവർത്തിച്ചു.

വി കെ ശ്രീകണ്‌ഠന്റെ അനുനയ നീക്കം പാളി

വി കെ ശ്രീകണ്‌ഠൻ എംപിയും മറ്റ്‌ കോൺഗ്രസ്‌ നേതാക്കളും നടത്തിയ  അനുനയ നീക്കവും പരാജയപ്പെട്ടു. ശശിയും സിത്താരയുമായി ഒന്നരമണിക്കൂറിലേറെയാണ്‌ ശ്രീകണ്‌ഠൻ ചർച്ച നടത്തിയത്‌. ഇരുവരുടെയും വീടിനടത്തുള്ള ഹോട്ടലിൽ അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. എംപിയോടും കാര്യങ്ങൾ തുറന്നുപറയാനാണ്‌ പോകുന്നതെന്ന്‌ ശശി വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങിയശേഷവും ശശിയും സിത്താരയും മാധ്യമങ്ങളോട്‌ നിലപാട്‌ ആവർത്തിച്ചു. പാർടിയുടെ തെറ്റായപ്പോക്കിൽ ഒരുപാടുപേർ ഞങ്ങൾക്കൊപ്പമുണ്ട്‌. പലരുംഅതൃപ്‌തി അറിയിച്ചിട്ടുണ്ട്‌. കോൺഗ്രസിൽ നിന്ന്‌ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെ. അത്‌ ബാധിക്കുന്നില്ല–-ശശി പറഞ്ഞു. മെമ്പർ സ്ഥാനത്ത്‌ തുടരുമെന്ന്‌ സിത്താരയും വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top