22 December Sunday
സംസ്ഥാനത്ത് ഈ അധ്യയനവർഷം ആരംഭിച്ച 
 നാലുവർഷ ബിരുദ പ്രോ​ഗ്രാമിന്റെ പ്രത്യേകതയായ 
 ഫാസ്‌റ്റ്‌ട്രാക്ക് ആശയമാണ്‌ യുജിസി പകർത്തുന്നത്

നാലുവർഷ ബിരുദം ; കേരള മാതൃക 
നടപ്പാക്കാൻ യുജിസി

സ്വന്തം ലേഖികUpdated: Sunday Nov 17, 2024


തിരുവനന്തപുരം
കേരളം രണ്ടുവർഷം മുമ്പെ നടപ്പാക്കിയ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണം മാതൃകയാക്കാൻ യുജിസി. സംസ്ഥാനത്ത് ഈ അധ്യയനവർഷം ആരംഭിച്ച നാലുവർഷ ബിരുദ പ്രോ​ഗ്രാമിന്റെ പ്രത്യേകതയായ ഫാസ്‌റ്റ്‌ട്രാക്ക് ആശയമാണ്‌ യുജിസി പകർത്തുന്നത്. ബിരുദകോഴ്സുകൾ നിശ്ചിതകാലയളവിന് മുമ്പ് പൂർത്തിയാക്കാനുള്ള മാനദണ്ഡങ്ങൾ യുജിസി തയ്യാറാക്കുകയാണ്. മൂന്നുവർഷ ബിരുദകോഴ്സ് രണ്ടരവർഷത്തിലും നാലുവർഷ ബിരുദം മൂന്നുവർഷത്തിലും പൂർത്തിയാക്കാനുമുള്ള അവസരമാണ് യുജിസിയും ആലോചിക്കുന്നത്. എം മൈനസ് വൺ സെമസ്‌റ്റർ എന്ന ആശയത്തിലാണിത് അവതരിപ്പിക്കുക. അടുത്ത അധ്യയനവർഷത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരട് മാർ​ഗരേഖയും ഉടനെ അവതരിപ്പിക്കും.

പഠനത്തിൽ കൂടുതൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയാൽ ബിരുദം രണ്ടരവർഷത്തിൽ തന്നെ പൂർത്തിയാക്കാമെന്ന് കേരളം പ്രഖ്യാപിച്ചതാണ്‌. സംസ്ഥാനത്തെ നാലുവർഷ ബിരുദ പ്രോ​ഗ്രാം പ്രകാരം മൂന്നാംവർഷത്തിൽ (ആറാം സെമസ്‌റ്റർ) 133 ക്രെഡിറ്റ് ലഭിച്ചാൽ ബിരുദം ലഭിക്കും. ഇത് രണ്ടരവർഷത്തിൽ നേടിയാൽ ഡി​ഗ്രി സർട്ടിഫിക്കറ്റ് ലഭ്യമാകും. തുടർന്ന് ബിരുദാനന്തര ബിരുദത്തിനും ചേരാം. നാലുവർഷ ഓണേഴ്സ് ബിരുദത്തിന് 177 ക്രെഡിറ്റാണ് നേടേണ്ടത്. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക്‌ ലാറ്ററൽ എൻട്രിയിലൂടെ ഒരുവർ‌ഷത്തിൽ പിജി പൂർത്തിയാക്കാം. 

ഗവേഷണത്തിന് നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാം. നിശ്ചിത ക്രെഡിറ്റ് നേടുന്നമുറയ്‌ക്ക്‌ പിജി ഇല്ലാതെ പിഎച്ച്ഡിക്ക് ചേരാനും നെറ്റ് എഴുതാനുമാകും. എട്ടാം സെമസ്‌റ്ററിൽ ഇന്റേൺഷിപ്പിന് പകരം റിസർച്ച് ​ഗൈഡിന്റെ മേൽനോട്ടത്തിൽ തീസിസ് പൂർത്തിയാക്കിയാലാണ് റിസർച്ച് ബിരുദം ലഭിക്കുന്നത്. 
    കൂടാതെ പഠനസമയത്ത് നേടുന്ന ക്രെഡിറ്റുകൾ ക്രെഡിറ്റ് ബാങ്കിൽ നിക്ഷേപിക്കുന്നത് വഴി ഡി​ഗ്രി ഏഴുവർഷത്തിനുള്ളിൽ പൂർത്തിയാക്കിയാലും മതി. ഇതേതീരുമാനങ്ങൾ നടപ്പാക്കാനാണ് യുജിസിയും ഒരുങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top