28 November Thursday

ഉമർ ഫൈസി മുക്കത്തെ പുറത്താക്കണം: പരസ്യ ആവശ്യവുമായി ലീഗ്‌ സുന്നികൾ

പ്രത്യേക ലേഖകൻUpdated: Thursday Nov 28, 2024

കോഴിക്കോട്‌ > പാണക്കാട്‌ സാദിഖലി തങ്ങളെ വിമർശിച്ച സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഉമർഫൈസി മുക്കത്തെ പുറത്താക്കണമെന്ന്‌ മുസ്ലിംലീഗ്‌ അനുകൂല സുന്നികൾ. തങ്ങളെ എതിർത്ത ഉമർഫൈസിയെ സമസ്‌തയുടെ പരമോന്നത പണ്ഡിതസഭയായ  മുശാവറയിൽ നിന്നും മാറ്റണം. സമസ്‌തയ്‌ക്കെതിരായും സാദിഖലി തങ്ങളെ പിന്തുണച്ചും ലീഗ്‌ അനുകൂലികൾ കോഴിക്കോട്‌ സംഘടിപ്പിച്ച സമാന്തര സമ്മേളനത്തിലായിരുന്നു ഉമർഫൈസിയെ മാറ്റാനുള്ളആവശ്യം. ഉമർഫൈസിയെ സമസ്‌തയുമായി ബന്ധപ്പെട്ട എല്ലാമേഖലയിൽ നിന്നും മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്‌പ്രസിഡന്റുമാരായ എം സി മായിൻഹാജി, അബ്ദുറഹ്മാൻ കല്ലായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമാന്തര  സസമ്മേളനം.

സമസ്‌ത ആദർശ സംരക്ഷണസംഗമം എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടായ്‌മ ഭാരവാഹികളായി പുത്തനഴി മൊയ്‌തീൻ ഫൈസി(ചെയർമാൻ), ഓണംപിള്ളി മുഹമ്മദ്‌ഫൈസി(കൺവീനർ)എന്നിവരെ തെരഞ്ഞെടുത്തു. സംഗമത്തിൽ നിരവധി ലീഗ്‌ പ്രവർത്തകരും പങ്കെടുത്തു. ഉമർഫൈസിയേയും സമസ്‌തയിലെ വിദ്യാർഥി- യുവജന നേതാക്കളേയും നിശിതമായി വിമർശിച്ചു. മാധ്യമപ്രവർത്തകരെ ഒഴിവാക്കി നടത്തിയ സമ്മേളനത്തിൽ സമസ്‌ത നേതൃത്വത്തിനെതിരെ പ്രാസംഗികർ ശക്തമായ ആരോപണം ഉന്നയിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള സമ്മേളനസംപ്രേഷണവും പാതിവഴിയിൽ നിർത്തി. ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി തങ്ങളെ പിന്തുണക്കുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. സമസ്‌ത മുഖപത്രം സുപ്രഭാതം നയവും ലക്ഷ്യവും ലംഘിച്ച്‌ പ്രവർത്തിക്കുന്നത്‌ തടയുക, തർക്കം ഒഴിവാക്കി ലീഗുമായി സഹകരിച്ച്‌ പ്രവർത്തിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലകൾ തോറും സമാന്തര സമ്മേളനം നടത്താനും തീരുമാനിച്ചു. അബ്ദുസമദ്‌പൂക്കോട്ടൂർ, മലയമ്മ അബൂബക്കർ, കുട്ടിഹസൻ ദാരിമി, പി എ ഇബ്രാഹിംഹാജി എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top