22 December Sunday
ലീഗിനെതിരെ വീണ്ടും സമസ്‌ത

സാദിഖലി തങ്ങൾ ഖാസിയാകാൻ യോഗ്യനല്ലെന്ന്‌ സമസ്‌ത നേതാവ്‌ ഉമ്മർ ഫൈസി മുക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


മലപ്പുറം
മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾക്കെതിരെ രൂക്ഷവിമർശവുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഉമ്മർ ഫൈസി മുക്കം. ലീഗ്‌ പ്രസിഡന്റിന്‌ ഖാസിയാകാൻ യോഗ്യതയില്ലെന്നും അതിരുവിട്ടാൽ സമസ്‌തയുടെ ആയുധങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എടവണ്ണപ്പാറയിൽ സമസ്‌ത (ഇകെ വിഭാഗം) മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗ്‌ പ്രസിഡന്റിന്റെ പേര്‌ പരാമർശിക്കാതെയായിരുന്നു ഫൈസിയുടെ വിമർശം.  ‘ഖുർആൻ ഹദീസിൽനിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാകണം ഖാസി.  മുന്നിൽവരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയണം.  വിവരമില്ലെങ്കിലും ഖാസിയാകണമെന്നാണ്‌ ആവശ്യം. രാഷ്‌ട്രീയത്തിന്റെ പേരിൽ പലരും അതിനെ പിന്തുണയ്‌ക്കുന്നു. ഇക്കാര്യങ്ങൾ അതിരുവിടുന്നത്‌ ശരിയല്ല. വിവരമില്ലാത്തവർ അധികമാകുമ്പോഴും കുഴപ്പമുണ്ടാകണ്ട എന്നു കരുതിയാണ്‌ സമസ്‌ത മിണ്ടാതിരിക്കുന്നത്‌’–- അദ്ദേഹം പറഞ്ഞു. 

കോ–-ഓർഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസു(സിഐസി)മായി ബന്ധപ്പെട്ട ലീഗ്‌ നിലപാടിനെയും വിമർശിച്ചു. ‘പണ്ട്‌ സമസ്‌ത പറയുന്നത്‌ കേൾക്കാൻ തയ്യാറായിരുന്നു. ഇന്ന്‌ സമസ്‌തയെ വെല്ലുവിളിച്ച്‌ വേറെ സംഗതിയുണ്ടാക്കുകയാണ്‌. അതുകൊണ്ട്  കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട്. ആവശ്യം വരുമ്പോൾ അതെടുക്കുമെന്ന ഭയം നല്ലതാണ്‌’–- അദ്ദേഹം പറഞ്ഞു.

ചെറിയ ഇടവേളയ്‌ക്കുശേഷമാണ്‌ ലീഗിനെതിരെ സമസ്‌ത രംഗത്തെത്തുന്നത്‌. സാദിഖലി ശിഹാബ് തങ്ങൾ മുൻകൈയെടുത്ത് ഹക്കീം ഫൈസി ആദൃശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറിയാക്കിയതാണ്‌ സമസ്‌തയെ ചൊടിപ്പിച്ചത്‌.  അടുത്തിടെ പാണക്കാട്‌ തങ്ങൾമാരുടെ നേതൃത്വത്തിൽ ‘ഖാസി ഫൗണ്ടേഷൻ’ രൂപീകരിച്ചിരുന്നു. അതും സമസ്‌തയ്‌ക്കെതിരായ നീക്കമായാണ് സംഘടന കാണുന്നത്‌.

അതേസമയം പാണക്കാട്‌ സാദിഖലി തങ്ങൾ ഖാസിയാകാൻ സർവഥാ യോഗ്യനാണെന്ന്‌ മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  വ്യക്തികളുടെ വിമർശമാണ്‌ ഉമർ ഫൈസി മുക്കത്തിൽനിന്നുണ്ടായത്‌. സമസ്‌തയുടെ അഭിപ്രായമല്ലെന്നും അദ്ദഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top