ആലപ്പുഴ > കറുപ്പും വെള്ളയും കളങ്ങൾ അകക്കണ്ണിൽ അളന്നെടുത്തു. തൊട്ടുനോക്കി കരുക്കൾ തിരിച്ചറിഞ്ഞ് ആയിഷ കരുക്കൾ നീക്കി. ഓരോ നീക്കവും സസൂക്ഷ്‌മം. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച സംസ്ഥാന അണ്ടർ–19 ചെസ് ചാമ്പ്യൻഷിപ്പിൽ കാഴ്‌ചപരിമിതി മറികടന്നാണ് ഈ പതിനഞ്ചുകാരിയുടെ മുന്നേറ്റം. ജനറൽ കാറ്റഗറിയിൽ മത്സരിച്ച് ഏഴ് റൗണ്ടിൽനിന്ന് നാല് പോയിന്റ് നേടി 13-ാം സ്ഥാനം.
പാലക്കാട് ഗവ. മോയൻസ് സ്‌കൂളിലെ 10-ാം ക്ലാസുകാരിയായ കെ എ ആയിഷ സൈനബ് ഇന്റർനാഷണൽ ബ്ലൈൻഡ് ചെസ് ടൂർണമെന്റിലേക്ക് അവസരം ലഭിച്ച ആദ്യമലയാളി പെൺകുട്ടിയാണ്. പാലക്കാട് കരിമ്പുഴ ഹെലൻ കെല്ലർ അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെസ് ബോർഡിന് മുന്നിലെത്തുന്നത്. 2022ൽ കേരള ചെസ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ധോണി ലീഡ് കോളേജിൽ സംഘടിപ്പിച്ച സ്‌റ്റേറ്റ് സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ ആദ്യ ടൂർണമെന്റിൽത്തന്നെ മികച്ച വനിതാ താരമായി. ദേശീയ മത്സരങ്ങളിലടക്കം മികച്ച പ്രകടനം.
2023ൽ ബംഗളൂരുവിൽ സൗത്ത് സോൺ ടൂർണമെന്റിൽ ആയിഷയ്‌ക്ക് ഫിഡേ റേറ്റിങ് ലഭിച്ചു. 1506 ആണ് റേറ്റിങ്. സംസ്ഥാന സ്‌കൂൾ കായികമേളയിലടക്കം ജനറൽ കാറ്റഗറിയിൽ മത്സരിച്ച് ജില്ലയിൽ രണ്ടാംസ്ഥാനം നേടി. 2023ൽ ഗുജറാത്തിൽ നടന്ന കാഴ്‌ചപരിമിതരുടെ ദേശീയ വനിതാ ചെസ് ടൂർണമെന്റിൽ അഞ്ചാംസ്ഥാനം നേടി ഇന്ത്യൻ ടീമിലെത്തി. ഇന്ത്യ ആതിഥേയരാകുന്ന വേൾഡ് വുമൺ ഓപ്പൺ ചെസ് ടൂർണമെന്റിൽ രാജ്യത്തെ പ്രതിനിധീകരിക്കും. പാലക്കാട് യൂണിവേഴ്‌സൽ ലതേഴ്‌സ് ആൻഡ് ഫുട്‌വെയർ ഉടമ കള്ളിക്കാട് നെസ്‌റ്റ് റാഹിന മൻസിലിൽ അൻസാരിയുടെയും ജന്മനാ അന്ധയായ റജീനയുടെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..