● 24000 കോടിയുടെ പ്രത്യേക പാക്കേജ്
ആവശ്യം തള്ളി
● വിഴിഞ്ഞത്തിനും വയനാട്
തുരങ്കപാതയ്‌ക്കും തുകയില്ല
● സിൽവർലൈൻ, ശബരി റെയിൽപാത ആവശ്യങ്ങളും മുഖവിലയ്‌ക്കെടുത്തില്ല
● ശബരിമല വികസനത്തിന് ചില്ലിക്കാശില്ല
● ദേശീയപാതയ്‌ക്കായി കേരളം ചെലവഴിച്ച 6000 കോടിക്ക് തുല്യമായി ഉപാധിരഹിത
കടം എന്ന ആവശ്യവും അംഗീകരിച്ചില്ല
സബ്സിഡിയില്‍ കടുംവെട്ട് തുടരുന്നു
ഭക്ഷ്യ, ഇന്ധന സബ്സിഡികളടക്കം തുടര്‍ച്ചയായി വെട്ടിക്കുറച്ച് മോദി സര്‍ക്കാര്‍. ഇക്കുറി വിവിധ സബ്സിഡിയ്ക്കായി നീക്കിവച്ചത് 3,81,175 കോടി രൂപ മാത്രം. മുൻ സാമ്പത്തികവര്‍ഷം ഇത് 4,13,466 കോടിയായിരുന്നു. 32291 കോടിയുടെ കുറവ്. (7.8 ശതമാനം). ഭക്ഷ്യ സബ്സിഡിക്കായി നീക്കിവച്ചത് 2,05,250 കോടി. മുൻ സാമ്പത്തികവര്‍ഷത്തെ പുതുക്കിയ കണക്കുപ്രകാരം 2,12,332 കോടിയായിരുന്നു നീക്കിവച്ചത്. 2022 –- -23ൽ 2.87 ലക്ഷം കോടി രൂപയായിരുന്നു ഭക്ഷ്യ സബ്സിഡി. ഭക്ഷ്യവിലക്കയറ്റം രാജ്യത്ത് കുത്തനെ ഉയരുമ്പോഴാണ് കോര്‍പറേറ്റ് പ്രീണനത്തിനായി സബ്സിഡി വെട്ടിക്കുറച്ചത്.
പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലയ്ക്ക് കൂടുതൽ പ്രഹരമേൽപ്പിച്ച് വളത്തിനുള്ള സബ്സിഡി 1,88,894 കോടിയിൽ നിന്ന് 1,64,000 കോടിയായി കുറച്ചു. പാചകവാതകത്തിന് ഉള്‍പ്പടെയുള്ള ഇന്ധന സബ്സിഡി 12,240 കോടിയിൽ നിന്ന് 11,925 കോടിയാക്കി. 2023 –- 24 വര്‍ഷത്തെ ബജറ്റിൽ 1.59 ലക്ഷം കോടിയാണ് സബ്സിഡി വെട്ടിക്കുറച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് അവഗണന
ഭിന്നശേഷിവിഭാഗക്കാരുടെ ശാക്തീകരണത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആകെ വരുത്തിയത് നാമമാത്ര വര്‍ധന. ഭിന്നശേഷി ശാക്തീകരണ വകുപ്പിന് 1,225.27 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞസാമ്പത്തികവര്‍ഷമിത് 1,225.01 കോടിയായിരുന്നു. 0.02 ശതമാനം മാത്രമാണ് വര്‍ധന. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് തുക കുറച്ചു. കഴിഞ്ഞതവണ 155 കോടി അനുവദിച്ചത് 142.68 കോടിയായി കുറച്ചു.സെൻര്‍ ഫോര്‍ ഡിസെബിലിറ്റി സ്പോര്‍ട്സിനുള്ള തുക 76 കോടിയിൽ നിന്ന് 25 കോടിയായി കുറച്ചു. വിവിധ ദേശീയ സ്ഥാപനങ്ങള്‍ക്കുള്ള തുക 408.75 കോടിയിൽ നിന്ന് 370 കോടിയായും ദേശീയ ട്രസ്റ്റിനുള്ള തുക 35 കോടിയിൽ നിന്ന് 25 കോടിയായും കുറച്ചു. ആകെ ബജറ്റിന്റെ 0.025 ശതമാനമാണ് ഭിന്നശേഷിക്കാര്‍ക്ക് നീക്കിവച്ചതെന്നും ഈ വിഭാഗത്തെ അവഗണിക്കുന്നത് മോദി സര്‍ക്കാര്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ രംഗത്ത് എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..