തൃശൂർ > തൃശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും ബജറ്റിൽ തൃശൂരിന് വട്ടപ്പൂജ്യം. ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കുമെന്നും വികസന പദ്ധതികൾ കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബജറ്റുവന്നപ്പോൾ തൃശൂരിനെ വഞ്ചിച്ചു. ഗുരുവായൂർ- തിരുനാവായ റെയിൽവേ ലൈനുൾപ്പെടെ ജില്ലയുടെ റെയിൽവേ വികസനത്തിനും പച്ചക്കൊടിയില്ല.
ഗുരുവായൂർ, തൃപ്രയാർ, വടക്കുന്നാഥ ക്ഷേത്രം, കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്, പാലയൂർ പള്ളി എന്നിവ ബന്ധിപ്പിച്ച് തീർഥാടന ടൂറിസത്തിന് ഒട്ടേറെ സാധ്യതയുണ്ട്. സുരേഷ് ഗോപി ടൂറിസം മന്ത്രിയായിട്ടുകൂടി ഈ മേഖലയ്‌ക്ക് ചില്ലിക്കാശ് അനുവദിപ്പിക്കാനായില്ല. കൊച്ചി മെട്രോ റെയിൽ തൃശൂരിലേക്ക് നീട്ടുമെന്ന സുരേഷ് ഗോപിയുടെ വാഗ്‌ദാനവും പാഴ്‌വാക്കായി.
പ്രധാനമന്ത്രിയുടെ തൃപ്രയാർ ക്ഷേത്രം സന്ദർശിച്ചപ്പോൾ നൂറുകോടിയുടെ ക്ഷേത്ര നവീകരണപദ്ധതി കൊച്ചിൻ ദേവസ്വംബോർഡ് ഭാരവാഹികൾ സമർപ്പിച്ചിരുന്നു. തേക്കിൻകാട് മൈതാനം നവീകരണത്തിന് 50 കോടിയുടെ പദ്ധതി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ കേന്ദ്രമന്ത്രി അമിത്ഷാ ശക്തൻ തമ്പുരാൻ കൊട്ടാരം സന്ദർശിച്ച് വികസന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും ബജറ്റിൽ ഇടം നേടിയില്ല.
ഗുരുവായൂർ ‘തീർഥാടന സ്റ്റേഷൻ’ പ്രഖ്യാപനം, വികസനം, ഗുരുവായൂർ–- തിരുനാവായ റെയിൽപ്പാത തുടങ്ങിയ ആവശ്യങ്ങളുമായി ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതും നടപ്പായില്ല. താൻ തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ മന്ത്രിയാണെന്നും മറ്റുമുള്ള സുരേഷ്‌ഗോപിയുടെ പ്രസ്താവന ബജറ്റ് പ്രഖ്യാപനം വന്നതോടെ ട്രോൾ ആയി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..