തിരുവനന്തപുരം
കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ ആസൂത്രിതമായി കേരളത്തെ അകറ്റിനിർത്തിയ ബിജെപി സർക്കാരിനെതിരെ സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രതിഷേധം. കേന്ദ്രാവഗണനക്കെതിരായ ജനവികാരം ശക്തമായി പ്രകടിപ്പിച്ച് പത്രങ്ങൾ. സംസ്ഥാനം ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞത്തിനുള്ള സഹായവും റെയിൽ പദ്ധതികളും കാത്തിരുന്ന എയിംസും പരിഗണിച്ചില്ല. എയിംസ് അടക്കമുള്ള പദ്ധതികൾ ഉറപ്പുനൽകിയ സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രോഷപ്രകടനം ശക്തം. ബിജെപിക്ക് സീറ്റുകിട്ടാത്തതുകൊണ്ടായിരുന്നു കേരളത്തിന് പദ്ധതികളൊന്നും അനുവദിക്കാത്തതെന്ന സംഘപരിവാർ വാദവും ഈ ബജറ്റോടെ തകർന്നുവീണു. വിവിധ വകുപ്പകൾക്ക് ഭരണഘടനാപരമായി ലഭിച്ചുകൊണ്ടിരുന്ന വിഹിതങ്ങൾകൂടി വെട്ടിക്കുറച്ചതിന്റെ കണക്കുകളും സംസ്ഥാന മന്ത്രിമാർ പുറത്തുവിട്ടു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ പത്രങ്ങൾ കേന്ദ്ര അവഗണനയുടെ തീവ്രത പ്രതിഫലിപ്പിച്ചതും ഒറ്റക്കെട്ടായ പ്രതിഷേധത്തിന് കരുത്ത് പകർന്നു. ‘കേരളമെന്നൊരു നാടുണ്ടേ’ എന്ന് മനോരമ എഴുതിയപ്പോൾ കേരളത്തോട് സൗഹൃദമില്ലെന്ന് മാതൃഭൂമിയും വട്ടപ്പൂജ്യമെന്ന് കേരളകൗമുദിയും മാധ്യമവും എഴുതി. ബിജെപി അക്കൗണ്ട് തുറന്നപ്പോൾ ‘ കേരളത്തിന്റെ അക്കൗണ്ട് ’ പൂട്ടി എന്ന കൃത്യമായ രാഷ്‌ട്രീയ അർഥത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കാനും ചില പത്രങ്ങൾ മുന്നോട്ടുവന്നു. റബർ സബ്‌സിഡി, മൂന്നാംപാത, സിൽവർലൈൻ, വിഴിഞ്ഞം, ദേശീയപാത തുടങ്ങി സുപ്രധാന മേഖലകളെയൊന്നും പരിഗണിക്കാത്തതിലുള്ള രോഷം പത്രവാർത്തകളിലും എഡിറ്റോറിയലുകളിലും നിറഞ്ഞുനിന്നു.
സ്വർണ്ണത്തിന്റെ വിലകുറച്ചത് ‘ തൃശൂരിന് നേട്ടമാകും ’ എന്ന് വാർത്തകൊടുത്ത് ബിജെപി പത്രംതന്നെ സുരേഷ്‌ഗോപിയെ ട്രോളിയപ്പോൾ കേരളത്തെ അവഗണിച്ചതിലുള്ള നിരാശ ദീപിക തുറന്നുപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..