തിരുവനന്തപുരം
രാജ്യത്തിലേക്കുള്ള വാണിജ്യനീക്കത്തിൽ നിർണായക തുറമുഖം യാഥാർഥ്യമാക്കിയിട്ടും പ്രത്യേക പാക്കേജ് അനുവദിക്കാതെ വിഴിഞ്ഞത്തെ തഴഞ്ഞു. 5000 കോടി രൂപയുടെ പാക്കേജ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ നിർമാണച്ചെലവ് 8,867 കോടി രൂപയാണ്. ഇതിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരാണ് വഹിച്ചത്.
തുറമുഖത്തിന്റെ ട്രയൽറൺ ആരംഭിച്ചു. രണ്ടരമാസം കഴിയുമ്പോൾ കമീഷനിങ് നടക്കും. മദർഷിപ്പുകൾക്ക് അടുക്കാൻ കഴിയുന്ന ഏക തുറമുഖമാണിത്. ഓരോ വർഷവും നികുതിയിനത്തിൽ വിദേശരാജ്യങ്ങളിലെ തുറമുഖത്തിന് നൽകുന്ന 3000–-5000 കോടി രൂപവരെയുള്ള തുക രാജ്യത്തിലേക്ക് വരും. അയൽരാജ്യങ്ങളിലേക്കുള്ള ചരക്കുകൾക്കുള്ള നികുതിയും ലഭിക്കും.
തുറമുഖത്തിന്റെ രണ്ടുമുതൽ നാലുവരെ ഘട്ടം പൂർത്തിയാകാനുണ്ട്. അത് പൂർത്തിയാകുമ്പോൾ പത്തുലക്ഷം കണ്ടെയ്‌നർ കൈകാര്യശേഷിയിൽനിന്ന് അമ്പതുലക്ഷമായി ഉയരും. റെയിൽ മാർഗം ചരക്കുനീക്കത്തിനായി പശ്‌ചാത്തല സൗകര്യമൊരുക്കേണ്ടതും സംസ്ഥാന സർക്കാരാണ്. അതിനായി 1400 കോടി രൂപ ചെലവഴിക്കണം. ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് റെയിൽപ്പാത നിർമാണം നടത്തുക. 6,000 കോടി രൂപ ചെലവ് വരുന്ന ഔട്ടർറിങ് റോഡുകൂടി വിഭാവനം ചെയ്‌തിട്ടുണ്ട്. 5,000ത്തിലധികം തൊഴിലവസരമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..