15 November Friday

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

തിരുവനന്തപുരം > മുണ്ടക്കൈ- ചൂരൽമല ദുരന്ത സഹായത്തിൽ  കേന്ദ്രം കേരളത്തെ അവ​ഗണിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മുണ്ടക്കൈ- ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്. നേരത്തെ പ്രളയ സമയത്ത് വിവിധ രാജ്യങ്ങൾ സഹായമറിയിച്ചപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണ്. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തോടൊപ്പം കേന്ദ്ര സർക്കാർ നിൽക്കുന്നില്ല.  കേന്ദ്രത്തിന് വിപരീത നിലപാടാണുള്ളത്. ഇത് ​ഗൗരവതരമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പ്രളയ കാലത്ത് സാലറി ചലഞ്ചിനെ എതിർത്ത കോൺ​ഗ്രസ് ഈ കാര്യത്തിലും വിപരീത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന നിലയാണ്.  കള്ളപ്പണം പിരിച്ചെടുത്ത് ജനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ബിജെപി അധികാരത്തിൽ വരുന്നത്.എന്നാൽ ഇപ്പോൾ അവർതന്നെ കള്ളപ്പണത്തിൽ കുളിച്ച് നിൽക്കുകയാണ് . കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ഏജൻസികൾക്ക് ഒരു നിലപാടുമെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫും തയാറാകുന്നില്ല. കള്ളപ്പണക്കേസിൽ എൽഡിഎഫിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്.

പാലക്കാടും വടകരയും തൃശൂരും ചേർന്നുള്ള ഒരു ഡീൽ നടന്നിട്ടുണ്ടെന്നുള്ള വ്യക്തമായ തെളിവുകൾ പുറത്തുവന്നു. ഷാഫി പറമ്പിലിന് 4 കോടി രൂപ നൽകിയെന്ന് കെ സുരേന്ദ്രൻ വെളിപ്പെടുത്തിയത് ഇവർ തമ്മിലുള്ള കൂട്ടകെട്ടിന്റെ തെളിവാണ്. പണം മാത്രമല്ല വോട്ടും നൽകാമെന്ന ഡീലാണുള്ളത്. കള്ളപ്പണ ഇടപാടിൽ ബിജെപിയെക്കാളുെം കൊൺ​ഗ്രസ് ഒട്ടും പിന്നിലല്ലെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞതാണ്. പ്രമുഖരായ നിരവധിയാളുകൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺ​ഗ്രസ് പാർടി വിട്ടു. കോൺ​ഗ്രസിന് ബിജെപിയുമായി പരസ്യമായ സഖ്യമുണ്ടായിരുന്നതായി കോൺ​ഗ്രസിൽ നിന്ന രാജി വെച്ച ഒപി കൃഷ്ണകുമാരി വെളിപ്പെടുത്തിയിരുന്നു. 

പാലക്കാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുക. എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കും. മുനമ്പം പ്രശ്നത്തിലൂടെ കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനും അതിന്റെ ഭാ​ഗമായി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു.  പ്രകോപനപരമായ നിലപാടുകൾ കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകർക്കും. ഇക്കാര്യത്തിൽ പരസ്പരം ചർച്ച ചെയ്ത്  പരിഹാരം കണ്ടെത്തുകയെന്നതാണ് സംസ്ഥാന സർക്കാരിന്റ നിലപാടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top