21 December Saturday

കേന്ദ്ര പൊതുകടം: വർധനാനിരക്ക്‌ കേരളത്തിന്റെ ഇരട്ടി

മിൽജിത്‌ രവീന്ദ്രൻUpdated: Monday Sep 30, 2024

തിരുവനന്തപുരം
കടത്തിന്റെപേരിൽ കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറക്കുന്ന കേന്ദ്രത്തിന്റെ പൊതുകടത്തിന്റെ വർധനയുടെ നിരക്ക്‌ കേരളത്തിന്റെ ഇരട്ടിയിലേറെ.  പുതിയ കണക്ക്‌ പ്രകാരം കേന്ദ്ര സർക്കാരിന്റെ  പൊതുകടം 176 ലക്ഷംകോടി രൂപയാണ്‌. മുൻ സാമ്പത്തികവർഷം 141 ലക്ഷം കോടിയായിരുന്നു. വർധന 25 ശതമാനം.

2023–-24 സാമ്പത്തിക വർഷം കേരളത്തിന്റെ കടം 4.02 ലക്ഷംകോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷം ബജറ്റ്‌ എസ്റ്റിമേറ്റ്‌ 4.48 ലക്ഷം കോടിയും. കടത്തിന്റെ വർധന 11.23 ശതമാനം മാത്രം.  കഴിഞ്ഞ സാമ്പത്തികവർഷം പലിശയ്‌ക്കായി 26,843.18 കോടിയാണ്‌ കേരളം ചെലവഴിച്ചത്‌. ഈ വർഷം പ്രതീക്ഷിക്കുന്നത്‌ 28,694.24 കോടിയും. കേന്ദ്രമാകട്ടെ ഈ സാമ്പത്തികവർഷംമാത്രം 11.6 ലക്ഷം കോടിയാണ്‌ വായ്പാ തിരിച്ചടവ് നൽകേണ്ടത്‌. റവന്യൂ വരുമാനത്തിന്റെ 36 ശതമാനത്തോളം കേന്ദ്രം പലിശവീട്ടാൻ ചെലവഴിക്കുമ്പോൾ കേരളം നൽകുന്നത്‌ 20 ശതമാനംം മാത്രം.
കേന്ദ്രത്തിന്റെ പ്രതീക്ഷിത ജിഡിപി  326 ലക്ഷം കോടിയിൽ 54 ശതമാനവും കടമാണ്‌. കേരളത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജിഡിപി 11.74 ലക്ഷം കോടിയാണ്‌. ജിഎസ്‌ഡിപിയുടെ അടിസ്ഥാനത്തിലുള്ള കടം 34 ശതമാനം മാത്രം. ഈ സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ജിഡിപി 13.11 ലക്ഷം കോടിയും. എന്നിട്ടും കേരളത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടിക്കുറയ്‌ക്കുകയാണ്‌. അതേസമയം  നിലവിലെ 176 ലക്ഷം കോടിക്കുപുറമെ ഈ സാമ്പത്തിക വർഷം 6.61 ലക്ഷം കൂടി കടമെടുക്കുകയാണ്‌ കേന്ദ്രസർക്കാർ.

അടിസ്ഥാന സൗകര്യ വികസനത്തിന്‌ ബജറ്റിനുപുറത്ത്‌ വായ്പ എടുത്തതിനാണ്‌ കേന്ദ്രം കേരളത്തിന്റെ കടമെടുപ്പുപരിധി വെട്ടിക്കുറച്ചത്‌. വികസനപദ്ധതികൾക്ക്‌ പണം സ്വരൂപിക്കാൻ കേന്ദ്രം ഇതേ മാതൃകയിൽ കടമെടുക്കുന്നുണ്ട്‌. സംസ്ഥാന സർക്കാർ ദേശീയപാതയ്‌ക്ക്‌ ഭൂമിയേറ്റടുക്കാൻ നൽകിയ തുകയെങ്കിലും കടമെടുപ്പുപരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചു.

ധനസഹായത്തിലും കേരളത്തോട്‌ വിവേചനമാണ്‌. പത്താം ധനകമീഷനിൽ കേന്ദ്രവിഹിതത്തിന്റെ 3.9 ശതമാനമാണ്‌ കേരളത്തിന്‌ അനുവദിച്ചതെങ്കിൽ പതിനഞ്ചാം കമീഷനിൽ അത്‌ 1.9 ശതമാനമാക്കി.

കേന്ദ്ര ധനസഹായത്തിൽ കേരളത്തിന്റെ വാർഷികവളർച്ച 9.1 ശതമാനം മാത്രം. യുപിക്കും തെലങ്കാനയ്‌ക്കും 53, മഹാരാഷ്ട്രയ്‌ക്ക്‌ 32 എന്നിങ്ങനെയാണ്‌. ദേശീയതലത്തിൽ ചെലവിന്റെ 62 ശതമാനവും സംസ്ഥാനങ്ങളുടെ തലയിലാണ്‌. സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്നത്‌ വരുമാനത്തിന്റെ 37 ശതമാനം മാത്രം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top