03 October Thursday

വയനാട്‌ ഉരുൾപൊട്ടൽ: കേന്ദ്ര സർക്കാരിൽ നിന്ന്‌ പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

തിരുവനന്തപുരം > വയനാട്‌ ദുരന്തത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന്‌ പ്രത്യേക സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‌ വളരെ വലിയ നഷ്‌ടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന്‌ വലിയ സഹായം പ്രതീക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയാണ്‌ മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമായത്‌.

‘വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിന് വന്ന നഷ്ടങ്ങൾ വളരെ വലുതാണ്. ഇക്കാര്യത്തിൽ ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതുവരെ അത്തരമൊരു  സഹായം നൽകുന്ന നില ഉണ്ടായിട്ടില്ല.’-മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായമായി അഭ്യർത്ഥിച്ചത്.  ഈ വർഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതം 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ  അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ  അഡ്വാൻസ് ആയി ഇപ്പോൾ അനുവദിച്ചതായാണ് ഒക്ടോബർ ഒന്നിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താകുറിപ്പിൽ നിന്നും മനസിലാക്കുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്, ദുരന്തത്തിന്റെ  ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായമല്ല.’-മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട് ദുരന്ത ഘട്ടത്തിലും തുടർന്നും സംസ്ഥാനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിൻറെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top