24 December Tuesday

ആകാശത്തിനുമുയരെ....! നേട്ടത്തിന്റെ നെറുകയിൽ യൂണിവേഴ്‌സിറ്റി കോളേജ്‌

ബിജോ ടോമിUpdated: Sunday Nov 10, 2024

തിരുവനന്തപുരം> മികവിന്റെ കുതിപ്പിൽ ആകാശത്തിനും ഉയരെ യൂണിവേഴ്സിറ്റി കോളേജ്‌. വിദ്യാർഥികൾക്കിനി ആകാശത്തിനുമപ്പുറമുള്ള അത്‌ഭുത ലോകത്തെ അടുത്തറിയാം. പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്‌സിന്റെ (ഐയുസിഎഎ) ജ്യോതിശാസ്‌ത്ര ഗവേഷണ വികസന കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജിലെ ഭൗതികശാസ്‌ത്ര വിഭാഗത്തെ തെരഞ്ഞെടുത്തു.

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ആദിത്യ എൽവണ്ണിന്റെ സൗര നിരീക്ഷണ പഠനങ്ങളിലും വിവിധ ജ്യോതിശാസ്‌ത്ര, പ്രപഞ്ച ഗവേഷണങ്ങളിലും പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണിത്‌. നിലവിൽ 32 ഐയുസിഎഎ ഗവേഷണ വികസന കേന്ദ്രങ്ങളാണ്‌ രാജ്യത്തുള്ളത്‌. ഈ പട്ടികയിലെ രാജ്യത്തെ ആദ്യ സർക്കാർ കോളേജ് ആണിത്‌. ജ്യോതിശാസ്‌ത്ര മേഖലയിൽ നടത്തിയ ശിൽപ്പശാലകളും ഗവേഷണങ്ങളുമാണ്‌ കോളേജിനെ ഈ നേട്ടത്തിലേക്ക്‌ എത്തിച്ചത്‌.

ജ്യോതിശാസ്‌ത്രവും പ്രപഞ്ചപഠനവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, പരിശീലന പരിപാടികൾ തുടങ്ങിയവ നടത്താനുള്ള ധനസഹായം അടുത്ത രണ്ടു വർഷത്തേക്ക് കോളേജിന് ലഭിക്കും. ഓരോ പദ്ധതിയും നടപ്പാക്കുമ്പോൾ റിപ്പോർട്ട്‌ ഐയുസിഎഎക്ക്‌ സമർപ്പിക്കണം. കൃത്യമായ കാലയളവിൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. തൃപ്‌തകരമാണെങ്കിൽ രണ്ടു വർഷത്തിനുശേഷവും പദവി നീട്ടി നൽകും. വിദ്യാർഥികൾക്ക്‌  ഐയുസിഎഎയുമായി സഹകരിച്ച്‌ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള അവസരവും ലഭിക്കും. കോളേജിലെ ഭൗതികശാസ്‌ത്ര വിഭാഗം മേധാവി ഡോ. പി ആർ പ്രിൻസാണ് കേന്ദ്രത്തിന്റെ കോ–-ഓർഡിനേറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top