തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടികളുടെ ഭാഗമായി കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ പുതുതായി പണികഴിപ്പിച്ച രണ്ടു ഹോസ്റ്റലും റീജനറേറ്റീവ് മെഡിസിൻ ആൻഡ് സ്റ്റെം സെൽ ലബോറട്ടറി കെട്ടിടവും ഉദ്‌ഘാടനത്തിനൊരുങ്ങി. ബുധൻ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
അഞ്ഞൂറ് വിദ്യാർഥികൾക്ക് താമസിക്കാൻ സൗകര്യമുള്ള ഹോസ്റ്റലാണ് കിഫ്‌ബി സഹായത്തോടെ നിർമിച്ചത്. പഠന ഏരിയ, അടുക്കള, ഭക്ഷണശാല, ടോയ്‌ലെറ്റുകൾ, ലിഫ്റ്റ്, റിക്രിയേഷൻ റൂം, വൈ-ഫൈ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടു ഹോസ്റ്റലും ഭിന്നശേഷി സൗഹൃദവുമാണ്. 10.27 കോടി രൂപയാണ് നിർമാണച്ചെലവ്.
ആരോഗ്യ സംരക്ഷണത്തിനും രോഗപരിഹാരങ്ങൾക്കും വഴിതെളിക്കുന്ന ആധുനിക ശാസ്‌ത്രമേഖലയായ റീജനറേറ്റീവ് മെഡിസിനു (പുനർജനനചികിത്സാ ശാസ്‌ത്രം) വേണ്ടി ആരംഭിക്കുന്ന ലബോറട്ടറി കെട്ടിടത്തിന് 4.44 കോടി രൂപയാണ് നിർമാണച്ചെലവ്.
നാക്കിന്റെ റീ അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസ് നേടിയ (3.67 ഗ്രേഡ് പോയിന്റ്) ആദ്യ സർവകലാശാലയാണ് കേരള. എൻഐആർഎഫ് റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒമ്പതാംസ്ഥാനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിങ് നിശ്ചയിക്കുന്ന സുപ്രധാന സൂചികയായ ക്യുഎസ് ഏഷ്യൻ റാങ്കിങ്ങിൽ 339 സ്ഥാനവും ദക്ഷിണേഷ്യയിൽ 88–-ാം സ്ഥാനവും കേരള സർവകലാശാലയ്‌ക്കുണ്ട്. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സർവകലാശാലയെ പ്രാപ്‌തമാക്കുന്നതിനുള്ള ചുവടുവയ്‌പാണ് പുതിയ സംവിധാനങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..