കൊച്ചി > ഗോശ്രീ ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തരമായി പുതിയ പാലങ്ങൾ നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രാഥമിക നടപടികൾ തുടങ്ങിയതോടെ യാഥാർഥ്യമാകുന്നത് നാടിന്റെ ദീർഘകാല സ്വപ്‌നം. കഴിഞ്ഞ ദിവസം കെ എൻ ഉണ്ണികൃഷ്‌ണൻ എംഎൽഎയുടെ സബ്‌മിഷന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പ്രാഥമിക നടപടികൾ തുടങ്ങിയതായി മറുപടി നൽകിയത്. എളങ്കുന്നപ്പുഴ–- - പൂക്കാട് പാലം നിർമിക്കാൻ ഇൻവെസ്റ്റിഗേഷൻ നടപടികൾ നടത്താനും ബ്രിഡ്ജസ് വിഭാഗത്തോട് നിർദേശിച്ചെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നിലവിൽ ഗോശ്രീ രണ്ടാം പാലത്തിന് മാത്രമാണ് സമാന്തരപാലമുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് സമൂഹമാണ് വൈപ്പിൻ. മണ്ഡലത്തെ കൊച്ചിനഗരവുമായി ബന്ധിപ്പിക്കുന്നത് ഗോശ്രീ പാലങ്ങളാണ്. പാലങ്ങൾ തുറന്നതോടെ വൈപ്പിൻ, കണ്ടെയ്‌നർ റോഡ് വഴികളിലൂടെയുള്ള ഗതാഗതം കൂടി. ഇത്തരത്തിൽ കൂടിവരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനും വർധിച്ച് വരുന്ന ഗതാഗതതിരക്ക് ഒഴിവാക്കാനും നിലവിലുള്ള പാലങ്ങൾക്ക് കഴിയാത്ത സ്ഥിതിയാണ്. മുനമ്പം–-അഴീക്കോട് പാലം കൂടി വരുമ്പോൾ വൈപ്പിൻ–- മുനമ്പം പാതയിലെ തിരക്കും കൂടും. ഗോശ്രീ പാലങ്ങളുടെ അറ്റകുറ്റപണി നടക്കുമ്പോഴോ, അപകടങ്ങളുണ്ടായാലൊ വൈപ്പിൻ ദ്വീപിലേക്കും കണ്ടെയ്‌നർ റോഡിലേക്കുമുള്ള ഗതാഗതം സ്‌തംഭിക്കുന്ന സ്ഥിതിയുമുണ്ട്. സമാന്തര പാലങ്ങളുടെ അഭാവം കാരണം നിലവിലുള്ളവയുടെ അറ്റകുറ്റ പ്രവൃത്തികൾ യഥാസമയം നടത്താൻ കഴിയാത്ത സാഹചര്യമാണ്. കാരണം സമാന്തര പാലങ്ങളില്ലാത്തതിനാൽ ഗതാഗതം നിരോധിച്ച് അറ്റകുറ്റ പ്രവൃത്തികൾ നടത്തുക ബുദ്ധിമുട്ടാണ്. ഇത് പാലങ്ങളുടെ ബലക്ഷയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യും. യാത്രാക്ലേശം, ഗതാഗതകുരുക്ക് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒന്നും മൂന്നും ഗോശ്രീ പാലത്തിന് സമാന്തര പാലങ്ങൾ നിർമിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഇക്കാര്യം നിരന്തരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. നിവേദനങ്ങൾ നൽകി. ഈ പരിശ്രമങ്ങളുടെ ഫലമാണ് പാലം യാഥാർഥ്യമാക്കാനുള്ള പൊതുമരാമത്ത് വകുപ്പ് നടപടികൾ.
സമാന്തര പാലങ്ങൾ ഇങ്ങനെ
ഗോശ്രീ മൂന്നാം പാലത്തിന് സമാന്തരമായി കാളമുക്ക് ജങ്‌ഷനിൽ നിന്നും നിന്നും വല്ലാർപാടത്തേക്കാണ് പുതിയത് നിർമിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം തയ്യാറാക്കി 40.50 ലക്ഷം രൂപയുടെ ഇൻവെസ്‌റ്റിഗേഷൻ എസ്‌റ്റിമേറ്റാണ് ധനവകുപ്പിന് സമർപിച്ചിരിക്കുന്നത്. ബോൾഗാട്ടി ജങ്‌ഷൻ മുതൽ ഹൈക്കോർട് ഭാഗത്തേക്ക് ഒന്നാം പാലത്തിന് സമാന്തരമായി പുതിയത് നിർമിക്കാൻ ഇൻവെസ്‌റ്റിഗേഷൻ എസ്‌റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹൊറിസോണ്ടൽ, വെർടിക്കൽ അനുമതിക്കായി ഇറിഗേഷൻ വകുപ്പിന് കത്ത് നൽകി. എളങ്കുന്നപ്പുഴ–- - പൂക്കാട് പാലം നിർമിക്കുന്നതിന് മുന്നോടിയായി 67.40 ലക്ഷം രൂപയുടെ ഇൻവെസ്‌റ്റിഗേഷൻ എസ്‌റ്റിമേറ്റാണ് സമർപിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..