തിരുവനന്തപുരം
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) യുടെ സംരംഭമായ മാറ്റർ ലാബിന് ആയിരത്തോളം അംഗീകൃത പരിശോധനകൾ നടത്താനുള്ള നാഷണൽ അക്രഡിറ്റേഷൻ ബോഡി ഫോർ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അംഗീകാരം. നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ നിരവധി അംഗീകൃത മെറ്റീരിയൽ ടെസ്റ്റിങ് സേവനങ്ങൾ മാറ്റർ ലാബിലൂടെ ലഭിക്കും. 2022-ൽ സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ലബോറട്ടറിയാണിത്.
ഇതോടെ മാറ്റർ ലാബിന് നടത്താവുന്ന അംഗീകൃത ടെസ്റ്റുകളുടെ എണ്ണം 100-ൽനിന്ന് 1000 ആയി. നിർമാണങ്ങളുടെ ശക്തിയും ദീർഘായുസ്സും ഉറപ്പാക്കുന്ന നിർണായക പ്രക്രിയയാണ് മെറ്റീരിയൽ ടെസ്റ്റിങ്. നിർമാണങ്ങളുടെ സമഗ്രത, ഈട്, സുരക്ഷ എന്നിവ ഉറപ്പാക്കുന്നത് മെറ്റീരിയൽ ടെസ്റ്റിങ്ങിലൂടെയാണ്.
കോൺക്രീറ്റ് വിശകലനം ചെയ്യുന്നതുമുതൽ മണ്ണിന്റെ ഗുണം വിലയിരുത്തുന്നത് വരെ ഈ പരിശോധനകളുടെ സഹായത്തോടെയാണ്. മാറ്റർ ലാബിന്റെ സാധ്യതകൾ വിപുലീകരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് യുഎൽസിസിഎസ് മാറ്റർ ലാബ് ജനറൽ മാനേജർ ഫ്രെഡി സോമൻ പറഞ്ഞു. മണ്ണ്, പാറ, സിമന്റ്, സ്റ്റീൽ, വെള്ളം, കോൺക്രീറ്റ്, കൽപ്പണിക്കുള്ള ബ്ലോക്കുകൾ, കളിമൺ റൂഫ് ടൈലുകൾ, തടി, പ്ലൈവുഡ്, സെറാമിക് ടൈലുകൾ, ടൈൽ പശകൾ, പ്രകൃതിദത്ത കല്ലുകളായ ഗ്രാനൈറ്റ്, മാർബിൾ എന്നിവയും ജിയോ ടെക്സ്റ്റൈൽസ്, തെർമോ പ്ലാസ്റ്റിക് പൈപ്പുകളും ഫിറ്റിങ്ങുകളും, ജലവിതരണത്തിനുള്ള ഹൈ -ഡെൻസിറ്റി പോളി എഥിലീൻ പൈപ്പുകൾ, ബിറ്റുമെൻ തുടങ്ങിയവയും ലാബിൽ പരിശോധിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..