23 December Monday

സംവിധായകനിൽനിന്ന്‌ മോശം
 അനുഭവം ഉണ്ടായി: നടി ഉഷ ഹസീന

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


ആലപ്പുഴ
മുമ്പ്‌ ഒരു സംവിധായകനിൽനിന്ന്‌ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അയാളെ അടിക്കാൻ ചെരുപ്പൂരിയതാണെന്നും നടി ഉഷ ഹസീന ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഇതിനുശേഷം സിനിമയിൽ വിലക്കുണ്ടായി. ആ സംവിധായകൻ കുഴപ്പക്കാരനാണെന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് സെറ്റിൽ പോയത്. വാപ്പ കൂടെയുണ്ടായിരുന്നത്‌ ധൈര്യമായിരുന്നു. സെറ്റിൽ ചെന്നപ്പോൾ ഭയങ്കര സ്വാതന്ത്ര്യത്തോടെയായിരുന്നു ഇടപെടൽ. പിന്നീട്‌  മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. ഞാൻ വാപ്പയ്‌ക്കൊപ്പമാണ് പോയത്. അന്നുതന്നെ ഇതിനെതിരെ പ്രതികരിച്ചു. അതോടെ സെറ്റിൽ വരുമ്പോഴൊക്കെ അയാൾ മോശമായി പെരുമാറി. നന്നായിട്ട് അഭിനയിച്ചാലും മോശമാണെന്ന് പറയും. ഒരിക്കൽ അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്. മാസികകളിലൊക്കെ അക്കാര്യം വാർത്തയായിരുന്നു.

മലയാള സിനിമയിൽ പവർ ​ഗ്രൂപ്പുണ്ട്‌. സിനിമാ മേഖലയിലെ കുറച്ചുപേർ മോശമായി പെരുമാറുന്നവരാണ്‌. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരിൽ അവരുടെ വിലക്ക്‌ നേരിടേണ്ടിവന്നിട്ടുണ്ട്. കുറേപേർ  മുൻകൂട്ടി തീരുമാനിച്ചിട്ടാണ്‌ ഇത് ചെയ്യുന്നത്‌. അന്ന്‌ അത്‌ മനസിലായില്ല. പക്ഷേ ഇപ്പോൾ മനസിലാകുന്നു. കുറേക്കാലം സിനിമയൊന്നും ഇല്ലായിരുന്നു. നല്ല തിരക്കുള്ള സമയത്താണ് പെട്ടന്ന്‌ പടങ്ങൾ കുറഞ്ഞത്. വിട്ടുനിന്നതല്ല. പ്രതികരിച്ചതിന്റെ പേരിൽ തന്നെയാണ് അങ്ങനെയൊരു അവസ്ഥ വന്നത്. പെൺകുട്ടികൾ പരാതി കൊടുക്കാൻ തയ്യാറാകണം. ഇല്ലെങ്കിൽ ഇതുപോലെയുള്ള കാര്യങ്ങൾ തുടരുമെന്നും ഉഷ ഹസീന പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top