02 November Saturday

വനിതാ കമ്മീഷൻ ഇടപെട്ടു; കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

കൊല്ലം> അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറും. വനിത കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിനെ തിങ്കളാഴ്ച തന്നെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും.ഉത്രയുടെ കൊലപാതകത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

ഉത്രയുടെ കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവായിട്ടുമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് കത്ത് നൽകിയിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക്  വിട്ടു നൽകാൻ ഉത്തരവായത്.

വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധന  നിരോധന നിയമ പ്രകാരവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭർത്താവ്  സൂരജിനും  ഭർത്തൃകുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ. ഷാഹിദാ കമാൽ അറിയിച്ചു. 

തിങ്കളാഴ്ച രാവിലെ ഉത്രയുടെ വീട് സന്ദർശിച്ച ഡോ. ഷാഹിദാ കമാൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഭർത്താവ്‌ സൂരജ്‌ കഴിഞ്ഞ ദിവസം പാമ്പിനെകൊണ്ട്‌ കടിപ്പിച്ചാണ്‌ ഉത്രയെ കൊലപെടുത്തിയത്‌. അവരുടെ  13 മാസം പ്രായമുള്ള കുഞ്ഞ് നിലവില്‍ സൂരജിന്റെ  മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. നേരത്തെ സൂരജും കുടുംബവും ആവശ്യപ്പെട്ടതനുസരിച്ചാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തിന് നല്‍കിയത്.

അറസ്റ്റിലായ സൂരജിനെയും പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെയും തിങ്കളാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിൽ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു.  സൂരജിന്റെ കുടുംബംഗങ്ങളേയും ചോദ്യം ചെയ്‌തേക്കും . 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top