22 December Sunday
ഇരയായത്‌ 3 നിർധന സ്‌ത്രീകൾ

‘പുനർജനി’യുടെ മറവിൽ ഭൂമി തട്ടിപ്പും ; ഭൂമി നൽകി രണ്ടരവർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ്‌ 
നിർമിച്ച്‌ നൽകിയില്ല

വി ദിലീപ്‌കുമാർUpdated: Saturday Sep 28, 2024


പറവൂർ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടപ്പാക്കുന്ന ‘പുനർജനി’ പദ്ധതിയിൽ ഫ്ലാറ്റ്‌ നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ മൂന്ന്‌ നിർധന സ്‌ത്രീകളുടെ ഭൂമി തട്ടിയെടുത്തതായി പരാതി. ചിറ്റാറ്റുകര കോലപ്പിള്ളിൽ ഉഷ (ബേബി), തുണ്ടിയിൽ ഗീത സുരേഷ്, ചേപ്പിള്ളിൽ അനിത എന്നിവരാണ് തട്ടിപ്പിനിരയായത്. ഉഷയും അനിതയും വിധവകളാണ്. ഗീതയുടെ ഭർത്താവ് സുരേഷ് വൃക്കരോഗത്തിന്‌ 11 വർഷമായി ചികിത്സയിലാണ്. ഒരു സെന്റ്‌ ഭൂമിപോലുമില്ലാതിരുന്ന മൂവർക്കും വീടുണ്ടാക്കാൻ അമേരിക്കൻ മലയാളി കാക്കനാട്‌ നൽകിയ അഞ്ചുസെന്റ്‌ സ്ഥലമാണ്‌ തട്ടിയെടുത്തത്‌.

പുനർജനി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയ 
പറയകാടുള്ള അഞ്ച് സെന്റ്‌ ഭൂമി

പുനർജനി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയ 
പറയകാടുള്ള അഞ്ച് സെന്റ്‌ ഭൂമി


 

മൂവരും താമസിച്ചിരുന്ന വാടകവീടുകൾ 2018ലെ പ്രളയത്തിൽ നശിച്ചിരുന്നു. തുടർന്നാണ്‌ ‘പുനർജനി’ പദ്ധതിയിൽ വീട് ആവശ്യപ്പെട്ട്‌ പറവൂരിൽ വി ഡി സതീശന്റെ എംഎൽഎ ഓഫീസിലെത്തിയത്. സ്വന്തമായി ഭൂമി കണ്ടെത്തിയാൽ  മൂന്നുപേർക്കുമായി ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന്‌ സതീശൻ അറിയിച്ചതായി ഉഷ പറഞ്ഞു. തുടർന്ന്‌ ഇവരുടെ പരിശ്രമഫലമായി  കാക്കനാട് സ്വദേശിയായ അമേരിക്കൻ മലയാളി പുല്ലാർക്കാട്ട് വത്സകുമാർ അഞ്ച് സെന്റ്‌ വാങ്ങിനൽകാൻ സന്നദ്ധനായി.  പറയകാട് ഗുരുതിപ്പാടം ക്ഷേത്രത്തിനുസമീപത്തായിരുന്നു സ്ഥലം.  വിവരം വി ഡി സതീശനെ അറിയിച്ചപ്പോൾ  സ്ഥലം പുനർജനി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ  രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. 2022 മാർച്ച് 26ന്  വത്സകുമാർ സ്ഥലം രജിസ്റ്റർ ചെയ്തുനൽകി. ട്രസ്റ്റ് പ്രസിഡന്റ്‌ പി ആർ രവീന്ദ്രൻ, സെക്രട്ടറി  ജി രാജൻ, ട്രഷറർ എ എ മുഹമ്മദ് സഗീർ എന്നിവരുടെ പേരിലാണ്  രജിസ്റ്റർ ചെയ്തത്‌.  രണ്ടരവർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ്‌ നിർമിച്ച്‌ കിട്ടിയില്ല. പലതവണ എംഎൽഎ ഓഫീസ്‌ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. പണമില്ലെന്നാണ്‌ എംഎൽഎയും ട്രസ്‌റ്റ്‌ ഭാരവാഹികളും പറയുന്നതെന്ന്‌ ഉഷ പറഞ്ഞു.

ഈ അവസ്ഥയിൽ മൂവരും അഞ്ചുസെന്റ്‌ സ്ഥലത്ത്‌ താൽക്കാലിക ഷെഡ് കെട്ടി. സ്ഥലം ട്രസ്‌റ്റിന്റേതാണെന്നും ഷെഡ്‌ പൊളിക്കണമെന്നും ആവശ്യപ്പെട്ട്‌ എംഎൽഎ ഓഫീസിൽനിന്ന് വിളിച്ചു. അപ്പോഴാണ്‌ ഇവർക്ക്‌ തട്ടിപ്പ്‌ ബോധ്യമായത്‌. എംഎൽഎയുടെ അനുയായികളെത്തി ഷെഡ്‌ പിന്നീട്‌ പൊളിച്ചുമാറ്റിയെന്ന് ഗീതയും ഉഷയും പറഞ്ഞു.


 

ഇതിനിടെ പ്രമുഖ വ്യവസായി എം എ യൂസഫലിയിൽനിന്ന്‌ വീടുണ്ടാക്കാൻ സഹായവാഗ്‌ദാനം ലഭിച്ചിരുന്നു. അതിനായി എംഎൽഎയുടെ കത്ത്‌ വാങ്ങാൻ മൂവരും പലവട്ടം വി ഡി സതീശനെ  കണ്ടിട്ടും ഫലമുണ്ടായില്ല. ഫ്ലാറ്റ് കിട്ടിയില്ലെങ്കിൽ വേണ്ട,  പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് കൈവശപ്പെടുത്തിയ സ്ഥലമെങ്കിലും തിരിച്ചുകിട്ടിയാൽ മതിയെന്നാണ്‌ ഇപ്പോൾ മൂവരും പറയുന്നത്‌.

‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുൾപ്പെടെ പ്രതിപക്ഷനേതാവ്‌  നടത്തിയ അനധികൃത പണപ്പിരിവ് സംബന്ധിച്ച പരാതികളിൽ  അന്വേഷണം നടന്നുവരികയാണ്‌. അതിനിടെയാണ്‌ ഭൂമിതട്ടിപ്പിന്റെ പരാതി ഉയർന്നിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top