23 December Monday

പുനർജനി തട്ടിപ്പ്‌ ; വി ഡി സതീശനെതിരായ 
തെളിവുകൾ ഇഡിക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


കൊച്ചി
പുനർജനി തട്ടിപ്പുകേസിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനെതിരെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ പ്രധാന പരാതിക്കാരൻ ഇഡിക്ക്‌ കൈമാറി. ബെർമിങ്‌ഹാമിലെത്തി പണംപിരിച്ചെന്ന്‌ വി ഡി സതീശൻ പറവൂരിലെ വാർത്താസമ്മേളനത്തിൽ തുറന്നുസമ്മതിക്കുന്ന വീഡിയോയാണ്‌ കാതിക്കുടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്‌സൺ പാനികുളങ്ങര ഇഡിക്ക്‌ ബുധനാഴ്ച കൈമാറിയത്‌.

ബെർമിങ്‌ഹാമിലും ഗൾഫ്‌ രാജ്യങ്ങളിലുമെത്തി നാട്ടുകാർക്കുവേണ്ടി പ്രസന്റേഷൻ നടത്തി സഹായം വാങ്ങിയെന്നാണ്‌ വീഡിയോയിൽ പറയുന്നത്‌. തിരുവനന്തപുരം സ്വദേശിനിയാണ്‌ ബെർമിങ്‌ഹാമിൽ പരിപാടി സംഘടിപ്പിച്ചത്‌. അവരുടെ ഭർത്താവ്‌ പ്രശസ്‌ത ഓങ്കോളജിസ്റ്റാണ്‌. ആ യോഗത്തിൽ താൻ സംസാരിച്ചത്‌ രഹസ്യമായിട്ടില്ല. ഫെയ്‌സ്‌ബുക്കിൽ ഇക്കാര്യം പങ്കുവച്ചിരുന്നു. അവിടെനിന്ന്‌ പിരിച്ച പണം തിരുവനന്തപുരം സ്വദേശിനി പറവൂർ ടൗൺ ഹാളിലെത്തി ചെക്കായി കൈമാറിയെന്ന്‌ സതീശൻ വീഡിയോയിൽ പറയുന്നുണ്ട്‌. മുമ്പും ജയ്‌സൺ പാനികുളങ്ങര ഇഡിക്ക്‌ രേഖകൾ കൈമാറിയിരുന്നു.

പുനർജനി പദ്ധതിക്കായി പണംപിരിച്ചതിലൂടെ വിദേശസംഭാവന നിയന്ത്രണനിയമം (എഫ്‌സിആർഎ) ലംഘിച്ചെന്ന്‌ ഇഡി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വീണ്ടും മൊഴിയെടുത്തത്‌. ജയ്‌സണിൽനിന്ന്‌ മെയ്‌ 19ന്‌ പ്രാഥമികമൊഴി എടുത്തിരുന്നു. പറവൂരിൽ പ്രളയബാധിതർക്ക്‌ വീട്‌ നൽകാനും സഹായിക്കാനും ‘പുനർജനി’ എന്നപേരിൽ വിദേശത്ത്‌ ഉൾപ്പെടെ അനുമതിയില്ലാതെ പണംപിരിച്ചുവെന്നതാണ്‌ കേസ്‌. എന്നാൽ സഹായമൊന്നും നൽകിയതുമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top