21 November Thursday

ഷാഫി–സതീശൻ കോക്കസിൽ അണികളിൽ അമർഷം ; ഡിസിസി പ്രസിഡന്റും യുഡിഎഫ്‌ ചെയർമാനും കാഴ്‌ചക്കാർ

സ്വന്തം ലേഖകൻUpdated: Thursday Nov 21, 2024


പാലക്കാട്‌
ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ, യുഡിഎഫ്‌ ജില്ലാ ചെയർമാൻ പി ബാലഗോപാൽ എന്നിവരെ തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തുനിന്ന്‌ ഷാഫി–- സതീശൻ കോക്കസ്‌ പൂർണമായും അകറ്റിനിർത്തിയതിൽ പ്രവർത്തകരിൽ അമർഷം. പാലക്കാട്‌  ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ചയാളായിരുന്നു ഡിസിസി പ്രസിഡന്റ്‌. ജില്ലാ കമ്മിറ്റിയുടെ നിർദേശം തള്ളി സ്ഥാനാർഥിയെ ഇറക്കുമതി ചെയ്‌തതിൽ വലിയ എതിർപ്പാണ്‌ താഴേക്കിടയിലുള്ള പ്രവർത്തകർ ഉയർത്തിയത്‌. ആ വികാരം ഡിസിസിയും അറിയിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസിക്ക്‌ കത്തയച്ചത്‌. കത്ത്‌ പുറത്തുവന്നതോടെ സതീശൻ –- ഷാഫി കോക്കസ്‌ ജില്ലാ നേതൃത്വത്തെ പാടേ അവഗണിച്ച്‌ മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. പ്രചാരണരംഗത്ത്‌ ഒരു ഘട്ടത്തിലും ഡിസിസി പ്രസിഡന്റിനെ അടുപ്പിച്ചില്ല. കള്ളപ്പണ വിവാദം ഉയർന്നപ്പോൾ ഡിസിസി പ്രസിഡന്റിനെ അറിയിക്കാതെ ഷാഫിയും ശ്രീകണ്‌ഠനും ഹോട്ടലിൽ ഓടിയെത്തി പൊലീസിനെ തടഞ്ഞ്‌ സംഘർഷം സൃഷ്‌ടിച്ചു. 2700 ഓളം വ്യാജവോട്ടുകൾ മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ചേർത്തെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു വസ്‌തുതകൾ നിരത്തി വാർത്താസമ്മേളനം നടത്തിയപ്പോൾ പ്രതിരോധിക്കാൻ സന്ദീപ്‌ വാര്യരും സതീശനുമാണ്‌ രംഗത്തുവന്നത്‌. അന്ന്‌ സന്ദീപ്‌ വാര്യർ കോൺഗ്രസിൽ എത്തിയിരുന്നില്ല. കടുത്ത വർഗീയ നിലപാടുള്ള സന്ദീപ്‌ വാര്യർ കോൺഗ്രസിലെത്തിയത്‌ ഡിസിസി പ്രസിഡന്റ്‌ അറിയുന്നത്‌ വാർത്താസമ്മേളനത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്‌. സന്ദീപ്‌ വാര്യരെ സ്വീകരിക്കുന്ന ചടങ്ങിൽ ഡയസിൽ കയറാൻപോലും ഡിസിസി പ്രസിഡന്റിനെ അനുവദിച്ചില്ല.

മാധ്യമപ്രവർത്തകരുടെ അടുത്താണ്‌ ഡിസിസി പ്രസിഡന്റിന്‌ സ്ഥാനം കിട്ടിയത്‌. വെറും കാഴ്‌ചക്കാരന്റെ റോളായിരുന്നു അദ്ദേഹത്തിന്‌. കൊട്ടിക്കലാശത്തിലും ഡിസിസി പ്രസിഡന്റിനെ അടുപ്പിച്ചില്ല. സ്ഥാനാർഥി കയറിയ ജീപ്പിലും സ്ഥാനം കിട്ടിയില്ല. യുഡിഎഫ്‌ ചെയർമാനെയും പലയിടങ്ങളിലും അവസരം നൽകിയില്ല. തെരഞ്ഞെടുപ്പിൽ മറ്റുള്ളവരെ പങ്കെടുപ്പിക്കാതെ മൊത്തം ചുമതലയും ഷാഫിയും സതീശനും ഏറ്റെടുത്തതിൽ   കോൺഗ്രസ്‌ പ്രവർത്തകരിൽ അമർഷം പുകയുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top