തിരുവനന്തപുരം
മുനമ്പം വിഷയത്തിൽ മുസ്ലിംലീഗ് നയം വ്യക്തമാക്കിയതോടെ ഒറ്റപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന സതീശന്റെ നിലപാട് ലീഗിനൊപ്പം കോൺഗ്രസിലെ ഒരു വിഭാഗവും തള്ളി. ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനവുമായി സഹകരിക്കാനും അവരുടെ തീരുമാനം അംഗീകരിക്കാനുമാണ് ലീഗ് ധാരണ. ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയമായി മുതലെടുപ്പ് നടത്താനുള്ള ശ്രമമായിരുന്നു യുഡിഎഫ് നടത്തിയിരുന്നതെന്നും ഇപ്പോൾ വ്യക്തമായി.
ചൊവ്വാഴ്‌ച ചേർന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിൽത്തന്നെ ലീഗ് അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. കൺവീനർ എം എം ഹസനും സതീശന്റെ നിലപാടിനെ പിന്തുണച്ചില്ല. ഭൂമി വഖഫ് തന്നെയാണെന്ന നിലപാടിലാണ് ലീഗ് എത്തിയത്.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ് അവിടെയുള്ളതെന്നുമാണ് വി ഡി സതീശൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ജുഡീഷ്യൽ കമീഷനെവച്ച് സമയം നീട്ടാനാണ് സർക്കാർ ശ്രമമെന്നും സതീശൻ പറയുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും യുഡിഎഫിൽ പരിഗണിക്കപ്പെട്ടില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരനോ കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കളോ സതീശനെ പിന്തുണച്ചില്ല. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അവസാനവാക്കായ നേതാവെന്ന നിലയിലായിരുന്നു സതീശന്റെയും കൂട്ടരുടെയും പ്രചാരണം. അങ്ങനെ കെട്ടിപ്പൊക്കാൻ ശ്രമിച്ച ‘ഇമേജ്’ ആണ് മുനമ്പത്തിൽ മൂക്കുകുത്തുന്നത്.
ഉത്തരമില്ലാതെ
സാദിഖലി തങ്ങളും
മുനമ്പത്തെ ഭൂമി വഖഫാണോ എന്നതിൽ നിലപാട് വ്യക്തമാക്കാതെ വീണ്ടും മുസ്ലിംലീഗ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ മുനമ്പം വിഷയത്തിൽ ഒഴിഞ്ഞുമാറിയത്. ലീഗിന്റെ നിലപാടാണ് താൻ പറയുന്നതെന്ന് പറഞ്ഞ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ല. ജുഡീഷ്യൽ കമീഷന്റെ നടപടി വേഗത്തിലാക്കണമെന്നും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നും മുസ്ലിംലീഗിന്റെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..