കൊച്ചി
ചൊവ്വാഴ്‌ച കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് സൂചന. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയുടെയും കുഴൽപ്പണക്കേസിലെ പുതിയ വഴിത്തിരിവിന്റെയും പശ്ചാത്തലത്തിലാണ് സുരേന്ദ്രന് പുറത്തേക്ക് വഴിയൊരുങ്ങുന്നത്. പകരം, കേന്ദ്രമന്ത്രിസ്ഥാനം നഷ്‌ടപ്പെട്ട് കഴിയുന്ന വി മുരളീധരൻ സംസ്ഥാന പ്രസിഡന്റായേക്കും.
നിലവിൽ ദേശീയ നിർവാഹകസമിതി അംഗം മാത്രമാണെങ്കിലും ദേശീയ നേതൃത്വത്തിലുള്ള സ്വാധീനമാണ് മുരളീധരന് അനുകൂലമാകുന്നത്. ദേശീയതലത്തിൽ ഭാരവാഹിത്വമോ ഗവർണർ പദവിയോപോലും താൽപ്പര്യമില്ലാത്ത മുരളീധരന്റെ നോട്ടം സംസ്ഥാന അധ്യക്ഷപദവിയാണ്. അടുത്ത അനുയായിയാണെങ്കിലും ഇനിയും സംരക്ഷിക്കാനാകാത്ത സാഹചര്യത്തിലാണ് മുരളീധരൻതന്നെ മുൻകൈയെടുത്ത് സുരേന്ദ്രന് പുറത്തേക്ക് വഴിയൊരുക്കുന്നത്. സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി ബിജെപി ഗ്രൂപ്പുകളിൽ സുരേന്ദ്രനെതിരെ കടുത്ത പ്രചാരണമാണ് നടക്കുന്നത്. ഗ്രൂപ്പുകളെ നിലയ്‌ക്ക് നിർത്തുന്നതിൽ പരാജയപ്പെട്ടെന്നും രാഷ്‌ട്രീയ വിഷയങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാനായില്ലെന്നും അഹങ്കാരവും ധാർഷ്ട്യവും അതിരുവിട്ടെന്നുമാണ് സുരേന്ദ്രനെതിരായ വിമർശം. തൃശൂർ ജില്ലാ അധ്യക്ഷൻ അഡ്വ. കെ കെ അനീഷ്‌കുമാറിനെയും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച് ചർച്ചയുണ്ടായി. മുരളീധരന്റെ അനുയായിയാണ് അനീഷ്‌കുമാർ. മുരളീധരന്റെ അറിവോടെയാണ് ഈ പ്രചാരണമെന്നും സൂചനയുണ്ട്.
വി മുരളീധരന്റെ കാലത്തും
ഉപതെരഞ്ഞെടുപ്പിൽ തോറ്റു: കെ സുരേന്ദ്രൻ
വി മുരളീധരൻ പ്രസിഡന്റായ സമയത്തും ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ തോൽവിയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്ന് പിറവം, നെയ്യാറ്റിൻകര, അരുവിക്കര എന്നിവിടങ്ങളിലെല്ലാം വോട്ട് കുറഞ്ഞു. അന്ന് ആരും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണ്.
എന്നാൽ, ധാർമിക ഉത്തരവാദിത്വമേറ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്‌ക്കുമോ എന്ന ചോദ്യത്തിന് സുരേന്ദ്രൻ പ്രതികരിച്ചില്ല. താൻ തുടരണോ ഒഴിയണോ എന്നത് കേന്ദ്രനേതൃത്വം തീരുമാനിക്കും. പാലക്കാട്ട് മൂന്ന് സ്ഥാനാർഥികളെ നിർദേശിച്ചത് കുമ്മനം രാജശേഖരനാണ്. എന്നാൽ പട്ടികയിൽ പേരുള്ള രണ്ടുപേരും മത്സരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അറിയിച്ചു. സി കൃഷ്‌ണകുമാറും മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു. കൊടകര കുഴൽപ്പണക്കേസ് അടക്കം ചർച്ചയായത് പ്രതിരോധത്തിലാക്കി. പുതിയ വോട്ട് ബിജെപിക്ക് ആകർഷിക്കാനുമായില്ല. കോൺഗ്രസുമായി സഹകരിച്ച് മത്സരിക്കണമെന്ന് വാദിക്കുന്ന വിഭാഗം ബിജെപിയിലുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..