തിരുവനന്തപുരം> വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും സാമ്പത്തിക സഹായം നൽകാത്തതും ന്യായീകരിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഉരുൾപൊട്ടൽ ദുരന്തത്തിൽ നാട് മൊത്തം ഒലിച്ചുപോയി എന്നു പറയുന്നത് ശരിയല്ലെന്ന് മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'വയനാട് ദുരന്തത്തിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. നാട് മുഴുവന്‍ എന്ന് പറയരുത്. പണം ചിലവാക്കാന്‍ നാട്ടില്‍ നിയമമുണ്ട് '- മുരളീധരൻ പറഞ്ഞു.
വയനാടിന് അധികധനസഹായം നൽകില്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹർത്താൽ നാടകമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം കണക്ക് നൽകാത്തതുകൊണ്ടാണ് പുനരധിവാസത്തിനുൾപ്പെടെയുള്ള സാമ്പത്തിക സഹായം അനുവദിക്കാത്തതെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..