23 December Monday

ഇന്നലെ ദർശനം നടത്തിയത് 30,687 പേർ; വിർച്വൽ ക്യൂ തീർഥാടനം സുഗമമാക്കി: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ശബരിമല > വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വിഐപികൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദർശനത്തിനെത്തിയത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ശബരിമലയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സുഗമമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേർക്കാണ് വിർച്വൽ ക്യൂ വഴി ഒരു ദിവസം ദർശനം അനുവദിക്കുന്നത്. ഇത് ഉയർത്തുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ചയും സുഗമമായ രീതിയിൽ ഭക്തർക്ക് ദർശനം നടത്താനായത് ശബരിമല തീർഥാടകർക്കായി സർക്കാരും ദേവസ്വം ബോർഡും ചേർന്നൊരുക്കിയ മുന്നൊരുക്കങ്ങൾ ഫലപ്രദമായി എന്നതിന്റെ തെളിവാണ്. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായതായും ഇത് വലിയ നടപ്പന്തലിൽ ഭക്തർ ക്യൂ നിൽക്കേണ്ട സാഹചര്യം കുറച്ചുവെന്നും മന്ത്രി പറഞ്ഞു.

എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ യു ജനീഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ദേവസ്വം കമ്മീഷണർ വി പ്രകാശ്,  ശബരിമല എഡിഎം അരുൺ എസ് നായർ, എഡിജിപി എസ് ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top