തിരുവനന്തപുരം
തൃശൂർപൂരം അലങ്കോലമാക്കാൻ ശ്രമിച്ചതിലുള്ള കോൺഗ്രസ്, ആർഎസ്‌എസ് ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് മന്ത്രി വി എൻ വാസവൻ. എന്ത് സമ്മർദമുണ്ടായാലും ത്രിതല അന്വേഷണത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകില്ല. ഏത് വമ്പനായാലും നടപടിയുണ്ടാകുമെന്നും അടിയന്തര പ്രമേയ ചർച്ചയക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
തൃശൂർപൂരം അലങ്കോലപ്പെടുത്തിയെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നോട്ടീസെന്നും അസത്യപ്രചാരണത്തെ നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കിയ പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
തൃശൂർപൂരം അലങ്കോലമാക്കാൻ ഗൂഢാലോചന ഉണ്ടായോ എന്നറിയാനാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചതെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഏതുകാലത്തും ആർഎസ്‌എസുമായി സന്ധിചെയ്യുന്നതും ധാരണയുണ്ടാക്കിയിട്ടുള്ളതും കോൺഗ്രസാണ്. തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ഡിസിസി ഓഫീസിൽ അടിയുണ്ടായതും ഡിസിസി പ്രസിഡന്റ് രാജിവച്ചതും പ്രതാപൻ ചതിയനെന്ന് പോസ്റ്റർ പതിച്ചതും എന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണം. അന്വേഷണത്തിലൂടെ യഥാർഥ വസ്തുതകൾ പുറത്തുവരികയെന്ന താൽപര്യമല്ല കോൺഗ്രസിനുള്ളത്. മുഖ്യമന്ത്രിയെ ആക്രമിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം–- മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..