03 December Tuesday

നിക്ഷേപത്തട്ടിപ്പ്‌: വി എസ്‌ ശിവകുമാറിനെതിരെ ബോർഡുകൾ വ്യാപകം

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
തിരുവനന്തപുരം  >  നിക്ഷേപത്തട്ടിപ്പിനു കൂട്ടുനിന്ന മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ശിവകുമാറിനും സംഘത്തിനുമെതിരെ നിയമ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ തലസ്ഥാന നഗരത്തിലും പരിസരങ്ങളിലും കോൺഗ്രസുകാർ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചു. സഹകരണ സംഘങ്ങളുടെ ഭാരവാഹികളായി പണം തട്ടിയ, ജില്ലയിലെ വിവിധ കേസുകളിൽ വി എസ്‌ ശിവകുമാറിനെയും പ്രതിചേർക്കണമെന്നും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന്‌ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ കോൺഗ്രസുകാർതന്നെ രംഗത്തിറങ്ങിയിട്ടുള്ളത്‌. 
 
ഡിസിസി അംഗവും ശിവകുമാറിന്റെ മുൻ പേഴ്‌സണൽ സ്‌റ്റാഫുമായിരുന്ന എം രാജേന്ദ്രൻ പ്രസിഡന്റായ തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിന്‌ നേതൃത്വം നൽകിയത്‌ ശിവകുമാറാണെന്നും വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകളിൽ കോൺഗ്രസുകാർതന്നെ പറയുന്നു. അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ്‌ ശിവകുമാറും പാർശ്വവർത്തികളും നടത്തിയ സഹകരണക്കൊള്ളയ്‌ക്കെതിരെ കോൺഗ്രസ്‌ പ്രവർത്തകർതന്നെ രംഗത്തിറങ്ങിയത്‌.

അഞ്ചുലക്ഷം മുതൽ അരക്കോടിയോളം രൂപ നഷ്ടപ്പെട്ട നിക്ഷേപകർ ശിവകുമാറിന്റെ വീട്ടിൽ സമരത്തിനെത്തിയിരുന്നു. കോൺഗ്രസ്‌ നേതൃത്വം ഭരണം കൈയാളിയിരുന്ന മാരായമുട്ടം സർവീസ് സഹകരണബാങ്കിൽ 66.53 കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്‌. ഇവിടെ പണം തട്ടിയ കോൺഗ്രസ്‌ നേതാക്കളിൽനിന്ന്‌ തുക തിരിച്ചുപിടിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസുകാർ മുഖ്യമന്ത്രിക്ക്‌ ഉൾപ്പെടെ നിവേദനം നൽകിയിട്ടുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top