23 December Monday

മേപ്പാടി സ്‌കൂളിൽ 
20 ദിവസത്തിനകം ക്ലാസ്‌ 
തുടങ്ങും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

കൽപ്പറ്റ
ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവ. എച്ച്‌എസ്‌എസിൽ 20 ദിവസത്തിനകം ക്ലാസ്‌ ആരംഭിക്കാനാകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളും മേപ്പാടിയിലേക്കാണ്‌ മാറ്റുക. ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ,  അധ്യാപകർ, പിടിഎ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്തബാധിതരായ വിദ്യാർഥികളുടെ ക്ലാസ്‌ മുടങ്ങാതിരിക്കാൻ അടിയന്തര നടപടിയുണ്ടാവും.

ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. എച്ച്‌എസ്‌എസിലും മുണ്ടക്കൈ ഗവ. എൽപിഎസിലുമുണ്ടായിരുന്ന സൗകര്യങ്ങളുടെ കണക്ക്‌ തയ്യാറാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ മേൽനോട്ടം വഹിക്കും. സർട്ടിഫിക്കറ്റ്‌ നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.

ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ വയനാട്ടിലെത്തി സർട്ടിഫിക്കറ്റ്‌ വിതരണംചെയ്യും. കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെഎസ്ആർടിസിയുമായി ചർച്ചനടത്തും. ആവശ്യമെങ്കിൽ ബദൽ സംവിധാനമൊരുക്കും. ഉച്ചഭക്ഷണം നൽകാൻ അധിക സൗകര്യമൊരുക്കും. ക്യാമ്പിലെ വിദ്യാർഥികൾക്ക് കൗൺസലിങ്‌ നൽകും. സമഗ്രപുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് രൂപപ്പെടുമ്പോൾ വെള്ളാർമല സ്കൂൾ അതേപേരിൽ പുനർനിർമിക്കാനാണ് ആലോചിക്കുന്നത്‌. മുണ്ടക്കൈ ഗവ. എൽപിഎസിന്റെ പുനർനിർമാണത്തിന് മോഹൻലാൽ മൂന്നുകോടി രൂപ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top