08 September Sunday

പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

എറണാകുളം > പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്.  കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം.

മന്ത്രി പി രാജീവും അദാലത്തിൽ പങ്കെടുത്തു. തൃശൂർ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ കഴിഞ്ഞ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്കൂൾ ടീച്ചർമാരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് പി രാജീവിൻ്റെ സാന്നിധ്യത്തിൽ വി ശിവൻ കുട്ടി സ്ഥാപനത്തിൻ്റെ കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന് കൈമാറി. സർക്കാർ ഏറ്റെടുത്ത എയ്ഡഡ് സ്കൂളുകളുടെ ഏറ്റെടുക്കൽ ഉത്തരവും വർഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ കൈമാറി.

സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസുകളെ മൂന്ന് മേഖലകളായി തിരിച്ചാണ് അദാലത്ത് നടത്തുന്നത്. ആ​ഗസ്ത് 5, ആ​ഗസ്ത് 17 എന്നീ തീയതികളിൽ യഥാക്രമം കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും അദാലത്തുകൾ നടക്കും. ഇന്നത്തെ ഫയൽ അദാലത്തിൽ ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം 1,381 ആണ്. ഇതിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 1,225 വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇരുപത്തി രണ്ടും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറ്റി മുപ്പത്തിനാലും അപേക്ഷകളാണുള്ളത്.

ഇതുവരെ അദാലത്ത് ദിവസത്തിൽ തീർപ്പാക്കിയത് 346അപേക്ഷകൾ ആണ്. ഇതിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 337ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 9ഉം ഫയലുകൾ ആണ് തീർപ്പാക്കിയത്. അദാലത്തിനും മുൻപ് തീർപ്പാക്കിയ ഫയലുകൾ 427. ആകെ തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 773. ഇതിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 734ഉം വിഎച്ച്എസ്ഇ വിഭാഗത്തിൽ 15ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 24ഉം ഫയലുകൾ ഉൾപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top