തിരുവനന്തപുരം > ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി. ആവശ്യമുന്നയിച്ച് മന്ത്രി റെയിൽവേ മന്ത്രിക്ക് കത്തയച്ചു.
ശനി പകൽ 11നാണ് മാരായമുട്ടം വടകര മലഞ്ചേരി വീട്ടിൽ ജോയി (47) യെ ഓട ശുചിയാക്കുന്നതിനിടെ കാണാതായത്. റെയിൽവേയുടെ പരിധിയിലുള്ള ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ ജോയി ഒഴുക്കിൽപ്പെടുകയായിരുന്നു. മാലിന്യം നീക്കാൻ റെയിൽവേയാണ് സുരക്ഷാ സംവിധാനമൊന്നുമില്ലാതെ ജോയി അടക്കം നാലുപേരെ ഏർപ്പാടാക്കിയത്.
തൊഴിലാളി അപകടത്തിൽപ്പെട്ടതുമുതൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു. മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ ജെറോമിക് ജോർജ് എന്നിവരാണ് രക്ഷാദൗത്യം ഏകോപിപ്പിച്ചത്. അഗ്നിരക്ഷാസേനയിലെ സ്കൂബാ ഡൈവിങ് സംഘവും നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സംഘവും തിരച്ചിലിനെത്തിയിരുന്നു. മാലിന്യം നീക്കാൻ റോബോട്ടിന്റെ സഹായവും ഉപയോഗിച്ചിരുന്നു. തെരച്ചിൽ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തകരപ്പറമ്പിലെ കനാലിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..