22 December Sunday

സ്കൂൾ കായികമേളയിലൂടെ സർക്കാർ ഒരുക്കുന്നത് മികച്ച പ്രതിഭകളെ സൃഷ്ടിക്കാനുള്ള വേദി: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

കൊച്ചി > അവസരങ്ങളും പ്രോത്സാഹനവുമാണു മികച്ച പ്രതിഭകളെ സൃഷ്ടിക്കുന്നതെന്നും അതിനുള്ള വേദിയാണ് കേരള സ്കൂൾ കായിക മേളയിലൂടെ സർക്കാർ ഒരുക്കുന്നതെന്നും  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ കായിക മേളയുമായി ബന്ധപ്പെട്ട് എറണാകുളം  പ്രസ് ക്ലബിൽ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒളിമ്പിക്സ് മാതൃകയിലാണു  കേരള സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി  മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാരും നിയമസഭാ സ്പീക്കറും രക്ഷാധികാരികളായും വ്യവസായ  മന്ത്രി പി രാജീവ് ചെയർമാനായും കൊച്ചി മേയർ വർക്കിങ് ചെയർമാനും ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരെ വൈസ് ചെയർമാൻമാരായും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കൺവീനറായുമുള്ള വിപുലമായ സംഘാടനസമിതി പ്രവർത്തിക്കുന്നുണ്ട്. ആദ്യദിനമായ നവംബർ അഞ്ചിന്  അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ ഉണ്ടാകും.

വിജയികൾക്ക് സമ്മാന തുക, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവക്കൊപ്പം  കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക്  മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികളെ ഒലിവ് ഇല കിരീടം അണിയിക്കുമെന്നും മന്ത്രി പറഞ്ഞു.  

മത്സരങ്ങളിൽ 24,000 കായിക പ്രതിഭകളും 1562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫ് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ആദ്യമായാണ് സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും ഗൾഫ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെയും സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു ഒരുമിച്ചു പങ്കെടുപ്പിക്കുന്നത്.

റീജണൽ സ്പോർട്സ് സെന്റർ കടവന്ത്ര, ജിഎച്ച്എസ്എസ് പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്നർ റോഡ്, മഹാരാജാസ് കോളേജ് സ്റ്റേഡിയം, സെന്റ് പീറ്റേഴ്സ് കോളേജ് , സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര, എംജിഎംഎച്ച്എസ്എസ് പുത്തൻകുരിശ്, ജിബിഎച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്റ്റേഡിയം തോപ്പുംപടി, ജിഎച്ച്എസ്എസ് കടയിരുപ്പ്, മുൻസിപ്പൽ ടൌൺഹാൾ കളമശ്ശേരി, എറണാകുളം ടൌൺഹാൾ, സെന്റ്.പോൾസ് കോളേജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എംഎ കോളേജ് കോതമംഗലം എന്നിവിടങ്ങളിലാണു വേദികൾ.  

ഉദ്ഘാടന പരിപാടികൾ

സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം നവംബർ നാലിന് വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ പി ആർ ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് ഔപചാരിക തുടക്കമാകും

3500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ആലുവ മുതൽ ഫോർട്ട്‌ കൊച്ചി വരെയുള്ള 32 സ്‌കൂളുകളിൽ നിന്നുള്ള 4,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും നടക്കും. ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top