21 November Thursday

കേരള മോഡലിലേക്കുള്ള പുതിയ സംഭാവനയാണ് സ്കൂൾ കായികമേള: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കൊച്ചി > കേരള മോഡലിലേക്കുള്ള പുതിയ സംഭാവനയാണ് ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ നടത്തിയ സ്കൂൾ കായികമേളയെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യത്തിനൈകെ മാതൃകയാക്കാൻ കഴിയുന്ന മേളയാണ കേരള സർക്കാർ നടത്തിയത്. മേള നടത്തുന്നതിന് എല്ലാവരിൽ നിന്നും നിസ്സീമമായ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറ‍ഞ്ഞു.

നാല് വർഷം കൂടുമ്പോൾ ഒളിമ്പിക്സ് മാതൃകയിലും മറ്റു വർഷങ്ങളിൽ സാധാരണ രീതിയിലും നടത്താനാണ് തീരുമാനിച്ചിരുന്നത്. മേളയിൽ പങ്കെടുത്ത കായികതാരങ്ങളും രക്ഷകർത്താക്കളും അധ്യാപകരുമടക്കം എല്ലാവരും വരുന്ന എല്ലാ വർഷങ്ങളിലും ഇതേ രീതിയിൽ തന്നെ മേള നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്യും.

പത്ര ദൃശ്യ മാധ്യമങ്ങൾക്കുള്ള നന്ദി പ്രത്യേകം പറയുന്നു. എറണാകുളം ജില്ലാ ഭരണകൂടം, പൊലീസ് ഉദ്യോ​ഗസ്ഥർ, എംഎൽഎമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി എല്ലാവരുടെയും പിന്തുണ കായികമേളയ്ക്ക് ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇത്തവണ പരാതികളൊന്നുമില്ലാതെ കായികമേള നടത്താൻ സാധിച്ചുവെന്നത് വലിയ നേട്ടമാണ്. പൊലീസ് ഉദ്യോ​ഗസ്ഥർ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോ​ഗസ്ഥർ, സാങ്കേതിക സഹായം നൽകിയവർ, കായിക താരങ്ങൾ, രക്ഷകർത്താക്കൾ എല്ലാവരും മേളയ്ക്കായി നല്ലതുപോലെ സഹകരിച്ചു. ഓരോ വർഷവും കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തി മുന്നോട്ട് പോകാനാണ് തീരുമാനം. ഈ വർഷത്തേക്കാൾ മെച്ചപ്പെടുത്തി അടുത്ത വർഷം നടത്താൻ ശ്രമിക്കും.

പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നതിന്റെ ഭാ​ഗമായാണ് മേളകളിലും കാതലായ മാറ്റങ്ങൾ വരുത്തുന്നത്. 15 മുതൽ ശാസ്ത്രമേള ആലപ്പുഴയിൽ നടക്കും. 7,500ഓളം കുട്ടികൾ പങ്കെടുക്കും. 2025 ജനുവരി ആദ്യ ആഴ്ച സ്കൂൾ കലോത്സവം നടത്തുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top