പാലക്കാട് > ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള വടവന്നൂരിലെ വടകന്നികാപുരം റെയിൽവേ സ്റ്റേഷൻ ഇനിയില്ല. റെയിൽവേയുടെ തുടർച്ചയായ അവഗണനയ്‌ക്കൊടുവിൽ സ്‌റ്റേഷൻതന്നെ ഇല്ലാതാക്കി. കുറച്ചുദിവസം മുമ്പാണ് സ്റ്റേഷന്റെ ബോർഡ് എടുത്തുമാറ്റിയത്. യാത്രക്കാർക്കുള്ള നടപ്പാതയും പൊളിച്ചുനീക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. 1904ൽ സ്ഥാപിച്ച റെയിൽവേ സ്റ്റേഷനാണ് ഇല്ലാതാകുന്നത്.
നൂറുകണക്കിന് പേർ ദിവസേന സഞ്ചരിക്കുന്ന പാലക്കാട്–പൊള്ളാച്ചി പാതയിൽ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് ഇത്തരം നീക്കം. നിലവിൽ ചരക്ക് ട്രെയിനും അമൃത ഉൾപ്പെടെ മൂന്ന് ട്രെയിനുമാണ് സർവീസ് നടത്തുന്നത്. പുതുനഗരംമുതൽ ഗോവിന്ദാപുരംവരെയുള്ള ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് പോയിവരുന്നത്. യാത്രാസൗകര്യം മുൻനിർത്തി കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലക്കാട്ടുനിന്ന് പൊള്ളാച്ചി, പഴനി എന്നീ ഭാഗങ്ങളിലേക്ക് മുമ്പ് നാല് ലോക്കൽ ട്രെയിൻ ഓടിയിരുന്നു. പല സ്റ്റേഷനിലും സ്റ്റോപ്പില്ലാത്തതും തിരിച്ചടിയാണ്. ഗേജ് മാറ്റം വലിയ പ്രതീക്ഷയോടെ കണ്ട യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് റെയിൽവേ നൽകിയത്.
ബോർഡ് എടുത്തുമാറ്റിയ വടകന്നികാപുരം സ്റ്റേഷൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..