08 October Tuesday

ചില്ലുപാലം വീണ്ടും തുറന്നു: വാഗമണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

വാ​ഗമൺ > വാ​ഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം വീണ്ടും തുറന്നു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. കഴിഞ്ഞ മഴക്കാലത്ത്  സുരക്ഷയെ  മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചതിനെത്തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്. കോഴിക്കോട്‌ എൻഐടിയിലെ സിവിൽ എൻജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ  പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവേശനം.

നാൽപത് അടി നീളത്തിലും 150 അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമാണ്. സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ പാലത്തിൽ നിന്നാൽ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്. 250 രൂപയാണ് പ്രവേശനഫീസ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top